​53.40 ലക്ഷം കോടി രൂപ; ചരിത്രം കുറിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം

​53.40 ലക്ഷം കോടി രൂപ; ചരിത്രം കുറിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം

April 22, 2024 0 By BizNews

രാജ്യത്ത് മ്യൂച്വൽ ഫണ്ട് ആസ്തിയിൽ വൻ വർധന. 2023-24 സാമ്പത്തിക വർഷം മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തി 53.40 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. 2022-23നെ അപേക്ഷിച്ച് 14 ലക്ഷം കോടി രൂപയുടെ വർധനവാണുണ്ടായത്. 35 ശതമാനത്തിന്റെ വളർച്ച!. 2021-22 സാമ്പത്തിക വർഷം 41 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്രയും മികച്ച വർധനവുണ്ടാകുന്നത്.

ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസവും താൽപര്യവും കൂടിയതാണ് മ്യൂച്വൽ ഫണ്ട് ആസ്തി കുതിച്ചുയരാൻ ഇടയാക്കിയത്. മൊത്തം നിക്ഷേപകരിൽ 23 ശതമാനം സ്ത്രീകളും 77 ശതമാനം പുരുഷന്മാരുമാണെന്ന് രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ കൂട്ടായ്മയായ ആംഫിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. വ്യവസ്ഥാപിത നിക്ഷേപ പദ്ധതി (എസ്.ഐ.പി) യിലെ നിക്ഷേപത്തിലും വളർച്ചയുണ്ടായിട്ടുണ്ട്. മാർച്ചിൽ 19,300 കോടി രൂപയാണ് എസ്.ഐ.പിയിലൂടെ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ട് ​ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 55 ശതമാനം വളർച്ച കൈവരിച്ചു. ആസ്തിയിൽ 23.50 ലക്ഷം കോടി രൂപയിലെത്തി. ഓഹരി വിപണിയിലെ മുന്നേറ്റമാണിതിന് സഹായിച്ചത്. അതേസമയം, കടപ്പത്രങ്ങളിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഏഴ് ശതമാനം വളർച്ചയാണ് ​രേഖപ്പെടുത്തിയത്. മൊത്തം ആസ്തി 12.62 ലക്ഷം കോടി രൂപയിലെത്തി.