‘ഏറെക്കാലമായുള്ള ആ കുടിശ്ശിക കൂടി തീർക്കണം’; ആർ.സി.ബി വനിതകളുടെ കിരീട നേട്ടത്തിന് പിന്നാലെ വിജയ് മല്യയുടെ സന്ദേശം
March 18, 2024ലണ്ടൻ: വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന് അഭിനന്ദനവുമായി ടീമിന്‍റെ മുന്‍ ഉടമയും വിവാദ വ്യവസായിയുമായ വിജയ് മല്യ. ‘വനിത പ്രീമിയർ ലീഗ് കിരീടം നേടിയ ആർ.സി.ബി വനിത ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഇത്തവണ പുരുഷ ടീം കൂടി കിരീടം ചൂടി ഡബിള്‍ തികച്ചാല്‍ ഗംഭീരമാകും. ഏറെക്കാലമായുള്ള കുടിശ്ശികയാണത്, എല്ലാവിധ ആശംസകളും’ -എന്നിങ്ങനെയായിരുന്നു വിജയ് മല്യ എക്സിൽ കുറിച്ചത്.
വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് നിയമ നടപടികള്‍ നേരിടുന്ന വിജയ് മല്യ ബ്രിട്ടനില്‍ കഴിയുകയാണ്. ഇതിനിടെയാണ് കിരീട നേട്ടത്തിൽ അഭിനന്ദനവുമായി എത്തിയത്. ടീം ഉടമയായിരുന്ന വിജയ് മല്യ 2016ലാണ് ടീമിന്‍റെ ഉടമസ്ഥാവകാശം പൂര്‍ണമായും യുനൈറ്റഡ് സ്പിരിറ്റ്സിന് കൈമാറിയത്.
22ന് തുടങ്ങുന്ന പുരുഷ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. 16 വർഷമായി ഐ.പി.എൽ കളിക്കുന്ന പുരുഷ ടീമിന് ഇതുവരെ ജേതാക്കളാവാൻ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും 2009ൽ ഡെക്കാൻ ചാർജേഴ്സിനോടും 2011ൽ ചെന്നൈ സൂപ്പർ കിങ്സിനോടും 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും തോൽക്കുകയായിരുന്നു.
വനിത പ്രീമിയർ ലീഗ് ഫൈനലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ആർ.സി.ബിയുടെ ആദ്യ കിരീട നേട്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവെച്ച 114 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. 37 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന എല്ലിസ് പെറിയും 27 പന്തിൽ 32 റൺസെടുത്ത സോഫി ഡിവൈനും 39 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയുമാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്. റിച്ച ഘോഷ് 14 പന്തിൽ 17 റൺസെടുത്ത് പുറത്താകാതെനിന്നു.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റ് നേടിയ സോഫീ മോലിന്യൂക്സും രണ്ട് വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്.