റിലയൻസും ഡിസ്നിയും ലയിച്ചു; നിത അംബാനി പുതിയ കമ്പനിയുടെ ചെയർപേഴ്സൺ
February 28, 2024ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും ഇന്ത്യയിലെ ബിസിനസുകൾ ലയിപ്പിച്ചു. ഇരു കമ്പനികളും ലയിച്ച് 70,352 കോടി മൂല്യമുള്ള പുതിയ സ്ഥാപനം നിലവിൽ വരും. നീത അംബാനിയായിരിക്കും പുതിയ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ. ഉദയ് ശങ്കറായിരിക്കും വൈസ് ചെയർപേഴ്സൺ. ഇരു കമ്പനികളും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കരാറിന്റെ ഭാഗമായി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം18 സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിക്കും. ഇരു സ്ഥാപനങ്ങളും ലയിച്ചുണ്ടാവുന്ന കമ്പനിയിൽ വിയാകോമിന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാവും. റിലയൻസിനായിരിക്കും പുതിയ കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തം. 60 ശതമാനം ഓഹരി പങ്കാളിത്തം റിലയൻസിനുണ്ടാവും.
ഇരുകമ്പനികളും ചേർന്നുണ്ടാകുന്ന സംയുക്ത കമ്പനിയിൽ 11,000 കോടി രൂപ കൂടി റിലയൻസ് നിക്ഷേപിക്കും. ഡിസ്നിയും പുതിയ കമ്പനിയിൽ നിക്ഷേപം നടത്തിയേക്കും. ഇരുകമ്പനികളും ചേർന്നുണ്ടാവുന്ന സംയുക്ത സംരംഭമാവും ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ഭീമൻ. റിലയൻസിനും ഡിസ്നിക്കും കൂടി ഇന്ത്യയിൽ 120 ചാനലുകളുണ്ട്. ഇതിന് പുറമേ റിലയൻസിന് ജിയോ സിനിമയും ഡിസ്നിക്ക് ഹോട്ട്സ്റ്റാർ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമുണ്ട്. നിയമ യുദ്ധങ്ങൾക്കൊടുവിലാണ് റിലയൻസും ഡിസ്നിയും ലയിക്കാനുള്ള തീരുമാനമുണ്ടായത്.