ഗ്യാലക്സി എസ് 24-ഉം ലാപ്ടോപ്പുകളും ഇന്ത്യയിൽ നിർമിക്കാൻ സാംസങ്

ഗ്യാലക്സി എസ് 24-ഉം ലാപ്ടോപ്പുകളും ഇന്ത്യയിൽ നിർമിക്കാൻ സാംസങ്

January 31, 2024 0 By BizNews

ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഗ്യാലക്സി എസ് 24-ഉം ലാപ്ടോപ്പും ഇന്ത്യയിൽ നിർമിക്കുമെന്ന് ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്. ഈ വർഷം തന്നെ ഇന്ത്യയിലെ തങ്ങളുടെ നോയിഡ ഫാക്ടറിയിൽ ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിക്കാൻ സാംസങ് പദ്ധതിയിടുന്നതായി പ്രസിഡന്റ് ടിഎം റോഹ് പറഞ്ഞു. അതിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ഉൽപ്പാദന അടിത്തറയെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം അടിവരയിട്ട അദ്ദേഹം ആഗോളതലത്തിൽ സാംസങ്ങിൻ്റെ രണ്ടാമത്തെ വലിയ പ്ലാന്റെന്നാണ് നോയിഡയിലെ ഫാക്ടറിയെ വിശേഷിപ്പിച്ചത്. ഫീച്ചർ ഫോണുകൾ, സ്‌മാർട്ട്‌ഫോണുകൾ, വെയറബിൾ, ടാബ്‌ലെറ്റുകൾ എന്നിവ നിർമ്മിക്കുന്ന നോയിഡ പ്ലാൻ്റ് ഈ വർഷം തന്നെ ലാപ്‌ടോപ്പുകളുടെ നിർമ്മാണവും ആരംഭിക്കും. ഇന്ത്യൻ നിർമ്മാണ രംഗം ശക്തിപ്പെടുത്തുന്നതിന് കമ്പനി സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സാംസങ് പ്രസിഡന്റ് പറഞ്ഞു.

കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണും നോയിഡയിൽ നിർമ്മിക്കുമെന്ന് റോഹ് പറഞ്ഞു. സാംസങ്ങിൻ്റെ വളരെ പ്രധാനപ്പെട്ട പ്രൊഡക്ഷൻ ബേസ് ആണ് നോയിഡയെന്ന് അദ്ദേഹം പറഞ്ഞു. സാംസങ്ങിൻ്റെ രണ്ടാമത്തെ വലിയ ബേസാണിത്. ആഗോള ഡിമാൻഡ് അനുസരിച്ച് പ്ലാൻ്റ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ചില മാറ്റങ്ങൾ ഉണ്ടായേക്കാം, എന്നാൽ മാറ്റമില്ലാതെ തുടരുന്നത് അത് ഞങ്ങൾക്ക് ഒരു പ്രധാന അടിത്തറയാണ് എന്നതാണ്. – അദ്ദേഹം കൂട്ടിച്ചേർത്തു.