രാജ്യവ്യാപകമായി 10,000 പുതിയ എടിഎമ്മുകൾ വരൂന്നു
January 26, 2024 0 By BizNewsമുംബൈ: അടുത്ത 12-18 മാസത്തിനുള്ളിൽ ബാങ്കുകൾ 40,000 പഴയ എടിഎമ്മുകൾ മാറ്റിസ്ഥാപിക്കുമെന്ന് റിപ്പോർട്ട്. കൂടാതെ 10,000 ത്തോളം പുതിയ എടിഎമ്മുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ചേർന്ന് 2023 സാമ്പത്തിക വർഷത്തിൽ 4,452 എടിഎമ്മുകൾ പുതിയതായി സ്ഥാപിച്ചു. ഇതോടെ 2023 മാർച്ച് അവസാനം ആയപ്പോഴേക്കും ആകെ എടിഎമ്മുകളുടെ എണ്ണം 2,19,513 ആയി.2022-23-ൽ, മൊത്തം എടിഎമ്മുകളുടെ എണ്ണം 3.5 ശതമാനം വർധിച്ചു,
പല മെഷീനുകളും പഴകിയതിനാൽ എടിഎമ്മുകളിൽ സാങ്കേതിക തടസ്സങ്ങളുണ്ട്. അവയെല്ലാം പുതുക്കേണ്ടതുണ്ട്. എടിഎം ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും ഇപ്പോൾ തന്നെ ധാരാളം പ്രശ്നങ്ങളുണ്ട്. ഇതാണ് പഴയ എടിഎമ്മുകൾ വേഗത്തിൽ മാറ്റാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.
സ്വകാര്യ മേഖലാ ബാങ്കുകൾ ക്യാഷ് ഡിസ്പെൻസറുകളിൽ നിന്ന് ക്യാഷ് റീസൈക്ലറുകളിലേക്ക് മാറുകയാണ്. പണം പിൻവലിക്കുന്നതിനും ഡെപോസിറ്റ് ചെയ്യുന്നതിനും സാധിക്കുന്ന ടെർമിനലാണ് ക്യാഷ് റീസൈക്ലറുകൾ. ഇത് ബാങ്ക് ബ്രാഞ്ചുകളിൽ തിരക്ക് കുറയുന്നതിന് സഹായിക്കും.
മൊത്തത്തിലുള്ള പ്രവർത്തന ചെലവും കുറയും. ചില പ്രധാന പൊതുമേഖലാ ബാങ്കുകളും ക്യാഷ് റീസൈക്ലറുകൾ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.
ഒരു എടിഎമ്മിന് ഏകദേശം 3.5 ലക്ഷം രൂപയും കാഷ് റീസൈക്ലറിന് ഏകദേശം 6 ലക്ഷം രൂപയുമാണ് വില.
50,000 എടിഎമ്മുകളിൽ 25 ശതമാനവും ക്യാഷ് റീസൈക്ലറുകളായിരിക്കുമെന്ന് കണക്കാക്കിയാൽ, ബാങ്കുകളുടെ മൊത്തത്തിലുള്ള മൂലധനച്ചെലവ് ഏകദേശം 2,000 കോടി രൂപയായിരിക്കും.
2023 മാർച്ച് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ പൊതു മേഖലാ ബാങ്കുകളുടെ എടിഎം 63 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളുടെ എടിഎം 35 ശതമാനവുമായിരുന്നു.