നിശ്ശബ്ദം കുതിക്കുന്നു ‘ഇ’ വാഹനങ്ങൾ

നിശ്ശബ്ദം കുതിക്കുന്നു ‘ഇ’ വാഹനങ്ങൾ

January 22, 2024 0 By BizNews

രണ്ടോ മൂന്നോ വർഷം മുമ്പ് നമ്മുടെ റോഡുകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. എന്നാലിന്ന്, നിരത്തുകളിൽ ഇടക്കിടെ കാണാം, പച്ച നമ്പർ പ്ലേറ്റിലുള്ള ഇലക്ട്രിക് വാഹനങ്ങൾ.

വർധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ നടുവൊടിഞ്ഞ് ജനം ബദൽമാർഗങ്ങൾ തിരഞ്ഞതോടെ നിരത്തുകളിൽ വൈദ്യുതിവിപ്ലവം അരങ്ങേറുകയാണ്. വൈദ്യുതി വാഹനങ്ങളുടെ (ഇ.വി) എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022ൽ കേരളത്തിൽ ആകെ 39,619 ഇലക്ട്രിക് വാഹനങ്ങൾ ഇറങ്ങിയപ്പോൾ 2023ൽ ഇത് ഇരട്ടിയോളമായി വർധിച്ച് 75,582ൽ എത്തി. രാജ്യത്താകമാനം 2022ൽ 10,25,161 ഇ.വികൾ ഇറങ്ങിയപ്പോൾ 2023ൽ ഇത് 15,30,732 ആയി വർധിച്ചു. അഞ്ചു ലക്ഷത്തിലേറെ വാഹനങ്ങളാണ് ഒറ്റ വർഷത്തിനുള്ളിൽ രാജ്യത്ത് വർധിച്ചത്.

കേരളത്തിൽ കോവിഡിനുമുമ്പും കോവിഡ് കാലഘട്ടത്തിലും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിക്കും ലോക്ഡൗണിനും ശേഷം വാഹന വിപണിയിലെ ഉണർവ് കൂടുതൽ പ്രകടമായത് ഇലക്ട്രിക് വാഹന വിൽപനയിലാണ്.

കാർ, ഇരുചക്രം എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതലായും വിറ്റുപോകുന്നത്. കാറുകളിൽ ജനപ്രിയമായതും വിൽപനയിൽ മുന്നിൽ നിൽക്കുന്നതും ടാറ്റയുടെ വിവിധ മോഡലുകളാണ്. ടാറ്റ നെക്സോൺ, ടാറ്റ ടിഗോർ, എം.ജി ഇസെഡ്.എസ്, മഹീന്ദ്ര എസ്.യു.വി 400, സിട്രോൺ ഇ-സി.ത്രി, എം.ജി കോമറ്റ്, കിയ ഇ.വി സിക്സ്, ടാറ്റ ടിയാഗോ തുടങ്ങിയവയാണ് ഇലക്ട്രിക് കാർ വിപണിയിലെ കേമന്മാർ. ഇതുകൂടാതെ മിനി കൂപ്പർ എസ്.ഇ, ഔഡി ഇട്രോൺ, ബി.എം.ഡബ്ല്യു ഐ.എക്സ്, ബെൻസ് ഇ.ക്യു.ഇ എസ്.യു.വി തുടങ്ങിയ ആഡംബര കാറുകളും നിരത്തിലിറങ്ങുന്നു.

ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണിയിൽ ആധിപത്യമുറപ്പിച്ചത് ഒലയാണ്. ടി.വി.എസ് ഐ ക്യൂബ്, ബജാജ് ചേതക്, ഏഥർ തുടങ്ങിയ മോഡലുകളും സാധാരണക്കാരന്റെ ഹൃദയങ്ങളിലൂടെ നിരത്തുകളിലിടം പിടിച്ചവയിൽ മുന്നിലാണ്.

ഇലക്ട്രിക് ആണോ, വില കൂടും

പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ വില കൂടുതലാണ് ഇലക്ട്രിക്കിന്. എന്നാൽ, ഉപയോഗ കാലയളവിലെ പെട്രോൾ ചെലവും മറ്റും പരിഗണിക്കുമ്പോൾ എത്രയോ ലാഭമാണെന്നത് ഉപഭോക്താക്കൾ പറയുന്നു. 10 ലക്ഷം രൂപക്കു മുകളിലാണ് കാറിന് കുറഞ്ഞ വില. ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ പഞ്ചിന് 10 മുതൽ 15 ലക്ഷം വരെയുണ്ട്. ടാറ്റ നെക്സോൺ 14-19 ലക്ഷമാണ് വില. മഹീന്ദ്ര എക്സ്.യു.വിക്കും ഏകദേശം ഇതേ നിലവാരം തന്നെയാണ് വില. ഒലയുടെ ജനപ്രിയ ഇരുചക്ര മോഡലായ എസ് വൺ പ്രോക്ക് 1.50 ലക്ഷത്തിനടുത്ത് വരും. ബജാജ് ചേതകിന് 1.35 ലക്ഷവും ടി.വി.എസ് ഐ ക്യൂബിന് 1.55 ലക്ഷവും വിലയുണ്ട്.

കമ്പനി അവകാശപ്പെടുന്നത്ര മൈലേജ് ഇ-വാഹനങ്ങൾക്കില്ല, ബാറ്ററി തകരാറിലായാൽ സർവിസ് ചെയ്യാനോ മാറ്റാനോ വലിയ ചെലവുവരുന്നു, വേണ്ടത്ര ചാർജിങ് സ്റ്റേഷനുകളില്ല, ചാർജ് ചെയ്യാനുള്ള സമയദൈർഘ്യം തുടങ്ങിയ ഘടകങ്ങളാണ് ഇ.വിയുടെ ദോഷങ്ങൾ.

എന്തുകൊണ്ട് ഇ.വി?

പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോഴും അത്ര വലിയ ചെലവില്ലാതെ ഉപയോഗിക്കാമെന്നതാണ് ഇ.വിയുടെ പ്രധാന സവിശേഷത. വീടുകളിലോ ചാർജിങ് സ്റ്റേഷനുകളിലോ വെച്ച് ബാറ്ററി ചാർജ് ചെയ്താൽ മതി. വാഹനത്തിന്റെ കമ്പനി, മോഡൽ തുടങ്ങിയവ അനുസരിച്ച് ഫുൾ ചാർജ് ചെയ്യാനുള്ള സമയത്തിലും മൈലേജിലുമെല്ലാം വ്യത്യാസം വരുമെന്നുമാത്രം. ഫുൾചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവാണെന്നതും ഇ.വികൾക്ക് പുതുകാലത്ത് പ്രസക്തി വർധിപ്പിക്കുന്നു. നികുതിയിളവും പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ മെയിൻറനൻസ് ചെലവ് കുറവാണെന്നതും ശബ്ദ മലിനീകരണമില്ലെന്നതുമെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമാണ്.

വാഹന ഉടമകൾക്കുണ്ട് കൂട്ടായ്മ

സംസ്ഥാനത്തെ ഇ.വി കാർ ഉടമകളുടെ രജിസ്ട്രേഡ് സംഘടനയാണ് ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്സ് കേരള(ഇവോക്). സംഘടന പ്രസിഡൻറായ റെജി മോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടങ്ങിയ കൂട്ടായ്മയിലിന്ന് 3500 ഓളം അംഗങ്ങളുണ്ട്. വിവിധ ജില്ലകളിലായി ഇവരുടെ നേതൃത്വത്തിൽ ഇ.വി ചാർജിങ് പോയൻറുകളും സ്ഥാപിച്ചിട്ടുണ്ട്. യൂനിറ്റിന് 10 രൂപയാണ് നിരക്ക്. നിലവിൽ 20 എണ്ണമാണുള്ളതെന്നും ഇവ 100 ആക്കുമെന്നും പ്രസിഡൻറ് വ്യക്തമാക്കി. വാങ്ങുമ്പോൾ വിലയൽപം കൂടിയാലും പിന്നീട് പോക്കറ്റ് കാലിയാവില്ലെന്നതാണ് പെട്രോൾ-ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം വിശകലനം ചെയ്ത് ഇലക്ട്രിക് വാഹന ഉടമകളുടെ അനുഭവ സാക്ഷ്യം.