ബൈജൂസിന്റെ ഉടമസ്ഥതയിലുളള ആകാശിന്റെ ലാഭത്തിൽ 82 ശതമാനം വർധന
January 16, 2024ന്യൂഡൽഹി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശിന്റെ ലാഭത്തിൽ 82 ശതമാനം വർധന. 79.5 കോടിയായാണ് ലാഭം വർധിച്ചത്. 2022 സാമ്പത്തിക വർഷത്തിലാണ് ലാഭം വർധിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 43.6 കോടിയായിരുന്നു.
ഓപ്പറേഷൻസിൽ നിന്നുള്ള ആകാശിന്റെ വരുമാനവും വർധിച്ചിട്ടുണ്ട്. 44.56 കോടിയായാണ് വരുമാനം വർധിച്ചത്. 1421 കോടിയാണ് വരുമാനം. 2021 സാമ്പത്തിക വർഷത്തിൽ 981 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.
കമ്പനിയുടെ ആകെ വരുമാനത്തിൽ 87.8 ശതമാനവും കുട്ടികളിൽ നിന്നും ഈടാക്കിയ ഫീസാണ്. കുട്ടികളിൽ നിന്നും ഈടാക്കുന്ന ഫീസിലും വർധനയുണ്ടായിട്ടുണ്ട്. ഫീസ് 48.4 ശതമാനമാണ് വർധിച്ചത്. 1,282 കോടിയായാണ് ഫീസ് വർധിച്ചത്. ഫ്രാഞ്ചൈസികളിൽ നിന്നുള്ള വരുമാനം 16.8 ശതമാനം ഉയർന്ന് 139 കോടിയായി.
ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണ് കമ്പനി കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത്. 723 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ ചെലവഴിച്ചത്. 35.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ആകെയുള്ള ചെലവുകളിലും 34.5 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ആകാശിന്റെ ഐ.പി.ഒ വൈകാതെയുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.