ബഹിഷ്‍കരണ കാമ്പയിൻ നഷ്ടമുണ്ടാക്കിയെന്ന് മക്ഡോണാൾഡ്സ് സി.ഇ.ഒ

ബഹിഷ്‍കരണ കാമ്പയിൻ നഷ്ടമുണ്ടാക്കിയെന്ന് മക്ഡോണാൾഡ്സ് സി.ഇ.ഒ

January 5, 2024 0 By BizNews

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന് പിന്നാലെ മിഡിൽ ഈസ്റ്റ് ഉൾപ്പ​ടെ പല വിപണികളിലും വലിയ നഷ്ടമുണ്ടായെന്ന് മക്ഡോണാൾഡ്സിന്റെ സി.ഇ.ഒ ക്രിസ് ചെംചിൻസ്കി. മക്ഡൊണാൾഡ്സിനെതിരായ വ്യാജ പ്രചാരണമാണ് ബിസിനസിനെ സ്വാധീനിച്ചതെന്ന് കമ്പനി സി.ഇ.ഒ അറിയിച്ചു. മക്ഡോണാൾഡ്സും സ്റ്റാർബക്സും ഉൾപ്പടെ നിരവധി പാശ്ചാത്യബ്രാൻഡുകൾക്കെതിരെ ബഹിഷ്‍കരണ കാമ്പയിനുകൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമൂലം വലിയ നഷ്ടമുണ്ടായെന്ന് മക്ഡോണാൾഡ്സ് സി.ഇ.ഒ വെളിപ്പെടുത്തിയത്.

മുസ്‍ലിം രാജ്യങ്ങളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന എല്ലായിടത്തും മക്ഡോണാൾഡ്സിനെ പ്രതിനിധീകരിക്കുന്നത് അവിടത്തെ പ്രാദേശിക ഓണർമാരും ഓപ്പറേറ്റർമാരുമാണ്. അവർ അവരുടെ കമ്യൂണിറ്റികൾക്ക് പിന്തുണ നൽകുകയും ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു.

ഇസ്രായേൽ പ്രതിരോധസേനക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുണ്ടെന്ന് മക്ഡൊണാൾഡ്സ് അറിയിച്ചതിന് പിന്നാലെയാണ് കമ്പനിക്കെതിരെയുള്ള ബഹിഷ്‍കരണ കാമ്പയിൻ ശക്തമായത്. അറബ് രാജ്യങ്ങളിൽ ഉൾപ്പടെ ലോകത്തെ പല വിപണികളിലും മക്ഡൊണാൾഡ്സിനെതിരെയുള്ള കാമ്പയിൻ ശക്തമായിരുന്നു. എന്നാൽ, ഇതുമൂലം നഷ്ടമുണ്ടായിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒ അറിയിക്കുന്നത് ഇതാദ്യമായാണ്. അതേസമയം, ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22,438 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.