യുപിഐ നിയമങ്ങളില്‍ അടിമുടി മാറ്റം ; ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ !
January 3, 2024 0 By BizNewsരാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയുള്ള ഇടപാടുകള്‍ ദിവസംതോറും വര്‍ധിക്കുകയാണ്. പ്രധാന പണമിടപാട് മാര്‍ഗമായി യുപിഐ മാറികഴിഞ്ഞു. യുപിഐ പേയ്മെന്റുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കാലാകാലങ്ങളില്‍ നിയമങ്ങള്‍ പരിഷ്കരിക്കപ്പെടുന്നു.
അത്തരത്തില്‍ പുതുവര്‍ഷം യുപിഐയില്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങളാണ് താഴെ പറയുന്നതു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം.
നിഷ്ക്രിയ യുപിഐ ഐഡികള്‍
ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ UPI ഐഡികളും നമ്പറുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ Paytm, Google Pay, PhonePe, ബാങ്കുകള്‍ തുടങ്ങിയ പേയ്മെന്റ് ആപ്പുകളോട് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI) ആവശ്യപ്പെട്ടിട്ടുണ്ട്.
തല്‍ഫലമായി 12 മാസത്തിലേറെയായി ഇടപാടുകള്‍ക്ക് ഉപയോഗിക്കാത്ത യുപിഐ ഐഡികളും, ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറുകളും നിര്‍ജ്ജീവമാക്കും. നിലനിര്‍ത്താന്‍ ആഗ്രഹമുള്ള ഐഡികളും, നമ്പറുകളും നിലനിര്‍ത്താന്‍ 2023 ഡിസംബര്‍ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
ഇടപാട് പരിധി വര്‍ധന
യുപിഐ ഇടപാടുകളുടെ പുതിയ പരമാവധി പ്രതിദിന പേയ്മെന്റ് പരിധി ഒരു ലക്ഷം രൂപയായിരിക്കും.
എന്‍പിസിഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന്, വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങള്‍ക്കുള്ള യുപിഐ ഇടപാട് പരിധി ആര്‍ബിഐ 5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് തുടരും. മുമ്പ് ഈ ഇടപാടുകളുടെയും പരിധി ഒരു ലക്ഷം രൂപയായിരുന്നു.
ഇന്റര്‍ചേഞ്ച് ഫീസ്
2023-ന്റെ തുടക്കത്തില്‍ വരുത്തിയ പരിഷ്കാരമാണിത്. 2,000 രൂപയില്‍ കൂടുതലുള്ള പ്രത്യേക മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്കും, ഓണ്‍ലൈന്‍ വാലറ്റുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ക്കും 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ബാധകമായി തുടരും. ഇടപാടുകള്‍ക്ക് മറ്റ് അധിക ചിലവുകള്‍ ഉണ്ടാകില്ലെന്ന് ഉപഭോക്താക്കള്‍ മനസിലാക്കണം.
നാല് മണിക്കൂര്‍ സമയപരിധി
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി അധികൃതര്‍ നടത്തിയ ഏറ്റവും പുതിയ ഇടപെടലുകളില്‍ ഒന്നാണിത്. ഇതിനു മുമ്പ് ഇടപാടുകള്‍ നടത്താത്ത ഒരു അക്കൗണ്ടിലേയ്ക്ക് (ആദ്യമായി നടത്തുന്ന ഇടപാടുകള്‍) 2,000 രൂപയില്‍ കൂടുതലുള്ള പേയ്മെന്റിന് നാല് മണിക്കൂര്‍ സമയ പരിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് പണം അയച്ച് 4 മണിക്കൂറിനു ശേഷം മാത്രമേ പണം മറ്റേ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകൂ.
ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍
യുപിഐ ഉപയോക്താക്കള്‍ക്കായി ‘ടാപ്പ് ആന്‍ഡ് പേ’ ഫീച്ചര്‍ ഉടന്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഇണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
യുപിഐ എടിഎം
ആര്‍ബിഐ രാജ്യവ്യാപകമായി UPI എടിഎമ്മുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടക്കുന്നു. ഇതോടെ യുപിഐയുടെ അര്‍ത്ഥവും, വ്യാപ്തിയും വര്‍ധിക്കുമെന്നു കരുതുന്നു.
ഈ എടിഎമ്മുകള്‍ വഴി ഉപയോക്താക്കള്‍ക്കു ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ സാധിക്കും. ക്യൂആര്‍ കോഡിന്റെ സഹായത്തോടെയാകും ഈ സേവനം.