കാപ്പി കര്‍ഷകര്‍ ആശങ്കയില്‍

കാപ്പി കര്‍ഷകര്‍ ആശങ്കയില്‍

September 27, 2018 0 By

പ്രളയത്തിന് ശേഷം ഒന്നിന് പിറകെ ഒന്നായി വയനാടന്‍ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ കാപ്പി ഉത്പാദനത്തില്‍ പ്രഥമ സ്ഥാനമുള്ള കേരളത്തിന്റെ ഉദ്പ്പാദനം നടക്കുന്ന വയനാട്ടില്‍ കാപ്പി കര്‍ഷകര്‍ ഉദ്പ്പാദന കുറവിനെ പുറമേ, കാപ്പി ഉദ്പ്പാദനത്തെ താളം തെറ്റിക്കുന്ന ആന്ത്രക്നോസ് കീട ബാധ കാപ്പിച്ചെടിയെ ബാധിച്ചുകൊണ്ടിരിക്കുന്നു.

‘കഴിഞ്ഞ വര്‍ഷം 200 ചാക്ക് കാപ്പി എനിക്ക് കിട്ടി. ഇപ്രാവശ്യം ഈ രോഗം വന്ന് കാപ്പി കൊഴിഞ്ഞ് 100 ചാക്കാണ് പ്രതീക്ഷിക്കുന്നത്’ തൃക്കൈപ്പറ്റയിലെ കാപ്പി കര്‍ഷകനായ ബ്ലാങ്കോട്ടില്‍ മത്തായി പറയുന്നു. ഒരു ചാക്ക് ഉണ്ട കാപ്പിക്ക് 3850 രൂപ വിലയുണ്ട്. ഒരു കിലോക്ക് ഏകദേശം 72 രൂപ വില വരും. ഇത് നാമമാത്ര കര്‍ഷകര്‍ക്ക് വലിയ പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്.

കുരു കറുത്ത നിറമായി അഴുകി കൊഴിഞ്ഞ് പോകുക, ഇലകള്‍ അഴിയുക വഴി കാപ്പി ഉദ്പ്പാദനത്തെ ബാധിക്കുന്നു. കാപ്പിയുടെ വളര്‍ച്ച ഇതോടെ മുരടിക്കുന്നു. ഉണങ്ങിയ കാലാവസ്ഥയില്‍ പ്രധാനമായും ഒക്ടോബര്‍ മുതല്‍ മേയ് മാസം വരെയാണ് ഇത് കണ്ട് വരുന്നത്. 1922 ല്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 75% ഉത്പാദനത്തെയാണ് ഈ കീടബാധ കവര്‍ന്നെടുത്തത്. പൂവിട്ട് 4 ആഴ്ച മുതല്‍ 14 ആഴ്ച വരെയാണ് ആന്ത്രക്നോസ് രോഗം കണ്ടു വരുന്നത്. 2017 ല്‍ ബ്രസീലില്‍ ഈ രോഗം 100 ശതമാനം കാപ്പി ഉത്പാദനത്തിനും പ്രഹരമേല്പിച്ചു.

റോബസ്ട്ര കോഫിയെയാണ് പ്രധാനമായും ഈ രോഗം ബാധിച്ചിരിക്കുന്നത്. വയനാട്ടില്‍ കൂടുതല്‍ ഉദ്പ്പാദിപ്പിക്കുന്നതും റോബസ്ട്ര കോഫിയാണ്.

കൊളിറ്റൊട്രികം എന്ന വിഭാഗത്തിലെ കുമിളുകളാണീ രോഗം പരത്തുന്നതെന്ന് കാപ്പി കൃഷി ഗവേഷകര്‍ പറയുന്നു. പച്ചക്കുരുവിനെയാണ് അസുഖം കൂടുതല്‍ ബാധിച്ച് കാണുന്നത്. കൊഴിയാത്ത കാപ്പിക്കുരുവിന്റെ വളര്‍ച്ച മുരടിച്ച്, ആകൃതി, ഗുണമേന്മ, ഗന്ധം എന്നിവ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

കാപ്പി ഉത്പാദനത്തെ ആശ്രയിക്കുന്ന വയനാടിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് മേല്‍ ഏറ്റ വലിയ പ്രഹരമാണിത്. കേരളത്തില്‍ 85,000 ഹെക്ടറിലുള്ള കാപ്പി കൃഷിയുടെ പ്രധാന വിഹിതവും വയനാടിന്റേതാണ്. 77,475 കാപ്പി കര്‍ഷകരില്‍ അധികവും വയനാട്ടിലാണ്. ശേഷിക്കുന്ന നെല്ലിയാമ്പതിയിലും, തിരുവിതാംകൂറിലും കാപ്പി ഉത്പാദനത്തെ പ്രളയ പ്രഹരം ബാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ കാപ്പി ഉത്പാദനം റോബസ്ട്ര 316,000 ടണ്ണും, അറബിക്ക 95,000 ടണ്ണും ആണെന്ന് കോഫി ബോര്‍ഡിന്റെ 2017, 2018 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രളയാനന്തരം കൃഷിത്തോട്ടം മണ്ണിടിഞ്ഞ്, ഗതാഗത തടസ്സം ഉണ്ടായി. മണ്ണിടിഞ്ഞ് നശിച്ച കാപ്പി തോട്ടത്തിന്റെ കണക്ക് ഇനിയും രേഖപ്പെടുത്തിയിട്ടില്ല.

രോഗം ഉത്പാദനത്തേയും അത് വഴി സാമ്പത്തിക പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം അര ലക്ഷത്തോളം ആളുകള്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ നല്‍കിയിരുന്ന വയനാട്ടിലെ കാപ്പികൃഷി പ്രതിസന്ധി എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളേയും ബാധിച്ചിരിക്കയാണ്. വ്യാപാര സ്ഥാപനങ്ങളും ഈ പ്രതിസന്ധി കൂടി വന്നതോടെ തീരെ വ്യാപാരം നടക്കാത്ത സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നത്.