സൗദി റീട്ടെയിൽ ഫോറത്തിന്റെ ഇരട്ട പുരസ്കാരം ലുലുവിന്
December 21, 2023റിയാദ്: സൗദി റീട്ടെയില്‍ ഫോറത്തിന്റെ ഇരട്ട പുരസ്കാരം ലുലു ഗ്രൂപ്പിന്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വിസ്മയകരമായ വികസനക്കുതിപ്പിനാണ് പ്രശസ്തമായ രണ്ടു അംഗീകാരങ്ങൾ നല്കി ആദരിച്ചത്.
പോയ വര്‍ഷത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ റീട്ടെയില്‍ സ്ഥാപനമെന്ന നിലയിലാണ് മിഡില്‍ ഈസ്റ്റ്-ഉത്തരാഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിന് ഒന്നാമത്തെ പുരസ്കാരം നൽകിയത്. കാലോചിത മാറ്റങ്ങള്‍ക്കനുസൃതമായി ഫുഡ് ആൻഡ് ഗ്രോസറി രംഗത്തെ ആധുനികവത്കരിച്ച് സ്റ്റാഫ് പരിശീലനം, ഫലപ്രദമായ ഇ.എസ്.ജി ബ്ലൂ പ്രിൻറ് എന്നിവ കണക്കിലെടുത്തും ഈ രംഗങ്ങളിലെ കരുത്തും കഴിവും പ്രകടമാക്കിയതിനുള്ള അംഗീകാരവുമായാണ് രണ്ടാമത്തെ പുരസ്കാരം.
സൗദിയിൽ ലുലു ശാഖകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം അടുക്കുമെന്ന ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ പ്രതീക്ഷാനിര്‍ഭരമായ പ്രഖ്യാപനം വൈകാതെ ലക്ഷ്യം കാണുമെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് ഫോറത്തിൽ പ്രസ്താവിച്ചു. സൗദി റീട്ടെയില്‍ ഉപഭോക്തൃരംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച് ഏറ്റവും വേഗത്തില്‍ മുന്നേറുന്ന ലുലു ഗ്രൂപ് സൗദി റീട്ടെയില്‍ ഫോറത്തിലും നിരവധി വിജയകരമായ വ്യക്തിമുദ്രകള്‍ നല്‍കിയിട്ടുണ്ട്.
പുതിയ ട്രെൻഡിനും മാറ്റത്തിനുമുള്ള അവസരങ്ങളാണ് ലുലു തുറന്നത്. 2024ലെ ബിസിനസിന്റെ മുഖം പുതിയ കാലത്തിനനുസൃതമായി രൂപപ്പെടുത്തുന്നതിലും ഭാവിസാധ്യത പ്രയോജനപ്പെടുത്തുന്നതിനും ലുലു സൗദി പ്രതിജ്ഞാബദ്ധമാണ്. റീട്ടെയില്‍ മേഖലയുടെ അപ്രാപ്യമെന്ന് കരുതിയ നിധിശേഖരത്തിന്റെ പുതിയ വാതിലുകളാണ് ലുലു തുറന്നിടുന്നത്. ലുലുവിന്റെ വളര്‍ച്ചയുടെ കഥ വിവരിച്ച ഷഹീം മുഹമ്മദ്, റീട്ടെയില്‍ ഫോറത്തില്‍ ഇക്കാര്യം സൂചിപ്പിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദിയുടെ ക്രമാനുഗത വളര്‍ച്ചക്കൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പ് രാജ്യത്തിന്റെ പരിവര്‍ത്തനത്തിനും വികാസത്തിനും ഒരു പങ്കാളിയെന്ന നിലയിലാണ് ഒപ്പം നില്‍ക്കുന്നത്. സൗദിയിലെ വന്‍നഗരങ്ങളിലെന്ന പോലെ ചെറുനഗരങ്ങളിലും 60 ഔട്ട്ലെറ്റുകള് ഉയര്‍ന്നു. പരിസ്ഥിതിക്കിണങ്ങുംവിധം ജൈവമാതൃകയിലുള്ള ഉപഭോക്തൃവസ്തുക്കളുടെ വില്പനയും ലക്ഷ്യത്തിലുള്‍പ്പെടുന്നു. കോസ്മോപോളിറ്റന്‍ ജീവിതശൈലിയുടെ ഉദാത്ത പ്രതീകങ്ങളായ, വളര്‍ന്നുവരുന്ന ചെറു നഗരങ്ങളിലും ലുലു സാന്നിധ്യമുണ്ട്.
നിയോം, അരാംകോ, സൗദി നാഷനല്‍ ഗാര്‍ഡ് എന്നിവിടങ്ങളിലെ ലുലു ശാഖകളും വിജയ വെന്നിക്കൊടി നാട്ടി. നിക്ഷേപരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രശസ്തമായ നാല് കമ്പനികളുമായി ലുലു കരാർ ഒപ്പുവെച്ചു.
സിനോമി സെൻറർ സി.ഇ.ഒ അലിസൺ റഹീൽ, ഫഹദ് അൽ മുഖ്ബൽ ഗ്രൂപ്് ചെയർമാൻ ശൈഖ് ഫഹദ് മുഹമ്മദ് അൽ മുഖ്ബിൽ, ബിൽഡിങ് ബേസ് കമ്പനി ചെയർമാൻ ശൈഖ് ഖാലിദ് അൽ അജ്മി, പ്ലേ സിനിമ സി.ഇ.ഒ ഖാലിദ് അൽ ജാഫർ എന്നിവരുമായാണ് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് ഒപ്പുവെച്ചത്.