അദാനി ഗ്രൂപ്പിന്റെ കരുതൽ ധനം 13.7 ശതമാനം ഉയർന്ന് 45,895 കോടി രൂപയായി
December 15, 2023 0 By BizNewsന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ കരുതൽ ധനം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 13.7 ശതമാനം വർധനവോടെ 45,895 കോടി രൂപയായി രേഖപ്പെടുത്തി. കടം ഏതാണ്ട് മാറ്റമില്ലാതെയിരിക്കെ ബിസിനസിലുടനീളം വരുമാനം ഉയർന്നതാണ് അദാനി ഗ്രൂപ്പിന് നേട്ടമായത്.
ഈ സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 57,219 കോടി രൂപയായിരുന്ന ഇബിഐടിഡിഎ 71,253 കോടിയായി ഉയർന്നപ്പോൾ മൊത്ത ആസ്തി 6 ശതമാനം വർധിച്ച് ഏകദേശം 4.5 ലക്ഷം കോടി രൂപയായി ഉയർന്നതായി അദാനി അർദ്ധ വർഷത്തെ ക്രെഡിറ്റ് പ്രകടന റിപ്പോർട്ടിൽ പറയുന്നു.
മൊത്ത കടം ഏതാണ്ട് മാറ്റമില്ലാതെ 2.26 ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ ക്യാഷ് റിസർവ് പരിഗണിച്ച ശേഷം, അറ്റ കടം 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ 1.87 ലക്ഷം കോടി രൂപയിൽ നിന്ന് 3.6 ശതമാനം കുറവോടെ 1.80 ലക്ഷം കോടി രൂപയുടെതായി.
ഗ്രൂപ്പിന്റെ മുൻനിര ഇൻകുബേറ്ററായ അദാനി എന്റർപ്രൈസസ് ലിമിറ്റഡും അദാനി പോർട്ട്‌സിന്റെ തുറമുഖ യൂണിറ്റും പ്രത്യേക സാമ്പത്തിക മേഖലയും മികച്ച ഇബിഐടിഡിഎ വരുമാനം നേടി. ഗ്രൂപ്പിലെ ക്യാഷ് ബാലൻസിന്റെ 37 ശതമാനവും ഇരുവരും ചേർന്നാണ്.
അദാനി എന്റർപ്രൈസസിന് 103,926 കോടി രൂപയും അപ്സെസിന് 99,901 കോടി രൂപയും അദാനി പവർ ലിമിറ്റഡിന് 91,742 കോടി രൂപയുമാണ് കടമുള്ളത്.
സിറ്റി ഗ്യാസ് കമ്പനിയായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡാണ് ഗ്രൂപ്പിൽ ഏറ്റവും കുറവ് വായ്പയെടുത്തത്. 4,773 കോടി രൂപയാണ് അവരുടെ ആകെ വായ്പ.