റീടെയിൽ പണപ്പെരുപ്പം ഉയർന്നു
December 12, 2023ന്യൂഡൽഹി: ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം ഉയർന്നു. നവംബർ മാസത്തിലെ പണപ്പെരുപ്പമാണ് 5.5 ശതമാനമായി ഉയർന്നത്. ഒക്ടേബാറിൽ പണപ്പെരുപ്പം നാല് മാസത്തെ കുറഞ്ഞ നിരക്കായ 4.8 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണപ്പെരുപ്പം വീണ്ടും ഉയർന്നിരിക്കുന്നത്.
ഭക്ഷ്യോൽപ്പന്നങ്ങളുടെ വില ഉയർന്നതാണ് പണപ്പെരുപ്പം വർധിക്കാനുള്ള പ്രധാനകാരണം. 8.7 ശതമാനമാണ് നവംബറിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ പണപ്പെരുപ്പം. അതേസമയം, ആർ.ബി.ഐ ലക്ഷ്യത്തിനുള്ളിൽ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പമുള്ളത്.
നേരത്തെ പണപ്പെരുപ്പം ഉയർന്നാൽ വായ്പ നിരക്കുകളിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഈയടുത്ത് നടത്ത വായ്പ അവലോകന യോഗങ്ങളിൽ വായ്പനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്തിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ആർ.ബി.ഐ വായ്പ അവലോകന യോഗങ്ങളിൽ എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.