സ്വർണ വില ഇന്നും കുറഞ്ഞു; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1,200 രൂപ

സ്വർണ വില ഇന്നും കുറഞ്ഞു; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1,200 രൂപ

December 7, 2023 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. 1200 രൂപയാണ് മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത്.

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും താഴ്ന്ന് യഥാക്രമം 5755, 46040 രൂപയായി. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും താഴ്ന്നിരുന്നു.

ഡിസംബർ നാലിന് പവൻ വില 47,080 രൂപയിലെത്തി സർവകാല റെക്കോഡ് കുറിച്ചിരുന്നു. പിന്നീട് തുടർച്ചയായി താഴോട്ട് വരികയായിരുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 1995-2030 എന്ന ഡോളർ നിലവാരത്തിലേക്ക് ചാഞ്ചാടാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം പ്രതിഫലിക്കും.

ഡിസംബർ 15 കഴിയുന്നതോടെ ലോകം ക്രിസ്മസ്, ന്യൂഇയർ ആഘോഷത്തിലേക്ക് കടക്കുകയാണ്. അസാധാരണ സംഭവവികാസങ്ങളുണ്ടായില്ലെങ്കിൽ ജനുവരി ആദ്യവാരം മാത്രമായിരിക്കും വലിയ മാറ്റങ്ങൾക്ക് സാധ്യത. ഫെബ്രുവരിയോടെ വില വീണ്ടും ഉയരുമെന്നാണ് പ്രവചനങ്ങൾ.