ക്ഷയരോഗികള്‍ കൂടുതല്‍ ഇന്ത്യയില്‍

ക്ഷയരോഗികള്‍ കൂടുതല്‍ ഇന്ത്യയില്‍

September 25, 2018 0 By

ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യക്കുള്ളത് കനത്ത മുന്നറിയിപ്പ്. സാധാരണ രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് നാം. ഏറ്റവുമധികം ജീവനുകള്‍ കവരുന്ന പകര്‍ച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു.

ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളില്‍ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് – യഥാക്രമം 13, ഒന്‍പത് ശതമാനം വീതം. ക്ഷയരോഗികളില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റിഫാമ്പിസിന്‍. ഈ മരുന്നുമൂലം രോഗം ശമിക്കാത്ത 5,58,000 കേസുകളാണ് കഴിഞ്ഞ വര്‍ഷം ലോകത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഗുരുതരമായ പ്രശ്നം ഇതില്‍ 82 ശതമാനം പേരും മരുന്നുസംയുക്തങ്ങളോടുപോലും കാര്യമായി പ്രതികരിക്കുന്നില്ലായെന്നതാണ്. പൊതുജനാരോഗ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണിതെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷം മാത്രം ആഗോളതലത്തില്‍ ഒരു കോടി ആളുകള്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 58 ലക്ഷം പുരുഷന്മാരും 32 ലക്ഷം വനിതകളും 10 ലക്ഷം കുട്ടികളുമാണ്. 16 ലക്ഷം പേരാണ് ആ വര്‍ഷം മരണത്തിന് കീഴടങ്ങിയത്. ഇതില്‍ മൂന്നു ലക്ഷവും എച്ച്.ഐ.വി. ബാധയുള്ളവരുമായിരുന്നു. ബോധവത്കരണ – പ്രതിരോധ നടപടികളുടെ ഫലമായി ഈ നൂറ്റാണ്ടിലിതുവരെ അഞ്ചു കോടിലധികം പേരുടെ ജീവന്‍ രക്ഷിക്കാനായതായാണ് കണക്ക്. രോഗബാധയുള്ളവരെ ഔദ്യോഗികമായി കണ്ടെത്താനാകാത്തതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന വലിയ പ്രതിസന്ധി.

രോഗവ്യാപനത്തോത് ഉയരുന്നുണ്ടെങ്കിലും 2030-ഓടെ ലോകം ക്ഷയരോഗ മുക്തമാക്കുന്നതിന് കൂടുതല്‍ സമഗ്രമായ നടപടികള്‍ ആവശ്യമാണെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടില്‍. കേരളത്തിലിപ്പോള്‍ ക്ഷയരോഗം വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും രാജ്യത്ത് ഇത്രയധികം രോഗികളുള്ളത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.