വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

November 10, 2023 0 By BizNews

കൊച്ചി: കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആറ് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 11.13 ലക്ഷം. 2023 ഏപ്രില്‍ 25നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണ് കൊച്ചിയിലേത്. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരി പങ്കാളിത്തവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (KMRL) 26 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള സംയുക്ത സംരംഭമായ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിനാണ് (KWML) ഇതിന്റെ നടത്തിപ്പ് ചുമതല.

ഇലക്ട്രിക് ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന 78 ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിലുള്ളത്. 10 ദ്വീപുകളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന വാട്ടര്‍ മെട്രോയുടെ കീഴില്‍ 38 ടെര്‍മിനലുകളും വിഭാവനം ചെയ്തിട്ടുണ്ട്.

കൊച്ചി വാട്ടര്‍ മെട്രോ വൈകാതെ കൂടുതല്‍ റൂട്ടുകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവിലെ സര്‍വീസ് വൈറ്റില, ഹൈക്കോടതി, വൈപ്പിന്‍, കാക്കനാട്, ബോള്‍ഗാട്ടി എന്നിങ്ങനെ അഞ്ച് ടെര്‍മിനലുകള്‍ കേന്ദ്രീകരിച്ചാണ്.

കൊച്ചി വാട്ടര്‍ മെട്രോ അടുത്തിടെ നടന്ന ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ ഫെറി സേവനങ്ങളിലെ മികവിനും ഉള്‍നാടന്‍ ജലപാതകളില്‍ മികച്ച സേവനങ്ങളും സൗകര്യങ്ങളും എത്തിച്ച് നൂതന സാങ്കേതികവിദ്യയുള്ള ടെര്‍മിനലുകള്‍ നല്‍കിയതിനും അവാര്‍ഡുകള്‍ നേടിയിരുന്നു.

1,136.83 കോടി രൂപ ചെലവിലാണ് സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ നടപ്പാക്കിയിരിക്കുന്നത്.