കാന്‍സറിനു കാരണം അഞ്ചു വെളുത്ത വിഷങ്ങളുടെ നിത്യേനയുളള ഉപയോഗമൊ?…
September 25, 2018കാന്‍സറിനു കാരണം അഞ്ചു വെളുത്ത വിഷങ്ങളുടെ നിത്യേനയുള്ള ഉപയോഗമാണെന്ന പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ സജീവമായിട്ട് നാളുകള്‍ ഏറെയായി. മൈദ, പഞ്ചസാര, ഉപ്പ്, വെളുത്ത അരി, പാല്‍ എന്നിവയാണ് ഈ വസ്തുക്കള്‍. എന്നാല്‍ കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനും അവയെ അപ്രസക്തമാക്കാനും മാത്രമേ ഇത്തരം പ്രചരണങ്ങള്‍ ഉപരിക്കൂവെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. ഈ ലിസ്റ്റില്‍പ്പെട്ട സാധനങ്ങള്‍ എല്ലാം തന്നെ നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ ഉപയോഗിക്കുന്ന അളവാണ് പ്രധാനം.
ആദ്യം മൈദയുടെ കാര്യമെടുക്കാം ഗോതമ്പിലെ തവിടും മുളയും കളഞ്ഞ് ശുദ്ധികരീച്ച് എടുക്കുന്ന പൊടിക്കു പൊതുവേ മഞ്ഞ നിറമായിരിക്കും. ഈ മഞ്ഞനിറം ബ്ലീച്ചിലൂടെ കളഞ്ഞ് നല്ല വെളുത്തനിറത്തിലുള്ള മൈദയായാണ് നമുക്ക് ലഭിക്കുന്നത്.
തവിടും മുളയും നഷ്ടപ്പെടുന്നതോടെ നാരുകളുടെ സാന്നിധ്യം വളരെ കുറയുന്നു. മറ്റു പോഷകങ്ങളുടെയും ധാതുക്കളുടെയും അവസ്ഥയും അതു തന്നെ. ഒടുവില്‍ അന്നജം മാത്രം നല്‍കുന്ന ഒരു ഭക്ഷ്യവസ്തുവായി മൈദ മാറുന്നു. രുചിയിലും ഉപയോഗിക്കാന്‍ എളുപ്പത്തിലും മറ്റു ഗോതമ്പ് ഉത്പന്നങ്ങളേക്കാള്‍ മെച്ചമാണ് മൈദ. അതിനാല്‍ തന്നെ ഫാസ്റ്റ്ഫുഡ് ബേക്കറി ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ മൈദ ഒരു അവിഭാജ്യഘടകമാണ്. അന്നജം ഒഴിച്ചു മറ്റൊന്നും തന്നെ ഇല്ല എന്നതാണ് മൈദയുടെ പ്രശ്നം. അതിനാലാണ് മൈദയ്ക്കെതിരേ വ്യാപകമായ പ്രചരണം നടക്കുന്നതും. അല്ലാതെ മൈദ കാന്‍സര്‍ ഒന്നും ഉണ്ടാക്കുന്നില്ല.
അവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചാണ്. നാരുകളടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വന്‍കുടല്‍, മലാശയ കാന്‍സറുകളുടെ സാധ്യത കുറയ്ക്കും എന്ന് പഠനങ്ങള്‍ കാണിക്കുന്നു.
ഈ സാഹചര്യത്തില്‍ ഗോതമ്പ് അങ്ങനെ തന്നെയോ തവിടു കളയാതെ പൊടിച്ചോ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിച്ച് മൈദയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. വല്ലപ്പോഴും ഒരു പൊറോട്ടയോ ബട്ടൂരയോ കഴിച്ചു എന്നു കരുതി പരിഭ്രമിക്കേണ്ടതില്ല. മൈദയുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റൊരു ആരോപണം അലോക്സന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ്. മൈദയിലേയ്ക്കുള്ള ഗോതമ്പിന്റെ പരിണാമത്തിലെ ഒരു കടമ്പയാണ് ബ്ലീച്ചിങ്ങ്. ചില രാസവസ്തുക്കള്‍ ബ്ലീച്ചിങ്ങിന് ഉപയോഗിക്കുമ്പോള്‍ ആ പ്രക്രിയയുടെ ഉപോത്പന്നമായി അലോക്സന്‍ രൂപപ്പെട്ടേക്കാം. ഇവ ചില ലബോറട്ടറികളിലെ പരീക്ഷണമൃഗങ്ങളില്‍ പ്രമേഹം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആധികാരിക പഠനങ്ങള്‍ ഒന്നും തന്നെയില്ല. ഇതു കാന്‍സര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പഠനവും വന്നിട്ടില്ല. അതു കൊണ്ടു തന്നെ ആശങ്കവേണ്ട.