പ്രമേഹം ചികില്‍സിച്ചു മാറ്റാന്‍ കഴിയില്ല
September 25, 2018കേരളം അതിവേഗത്തില്‍ ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നു നാം നേരിടുന്ന പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളില്‍ പ്രധാന വില്ലനാണ് പ്രമേഹം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, നാഡീസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം പ്രമേഹമാണ്. എന്നാല്‍, വളരെ എളുപ്പം ചികിത്സിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ ഒരു രോഗം കൂടിയാണ് പ്രമേഹം. പലരും തെറ്റിദ്ധാരണകളും അറിവില്ലായ്മയും കൊണ്ട് തെറ്റായ ചികിത്സാരീതികള്‍ സ്വീകരിക്കുകയോ ചികിത്സതന്നെ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത് രോഗത്തെ വഷളാക്കുകയും സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രമേഹത്തെ അതിജീവിക്കാനുള്ള വഴികള്‍ തേടുേമ്പാള്‍ ആദ്യം തിരുത്തേണ്ടത് തെറ്റിദ്ധാരണകളാണ്.
പ്രമേഹത്തിനുള്ള മരുന്നുകളോ ഇന്‍സുലിനോ തുടങ്ങിക്കഴിഞ്ഞാല്‍ അത് നിര്‍ത്താന്‍ സാധിക്കില്ല എന്നത് പ്രമേഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വലിയ ഒരു തെറ്റിദ്ധാരണയാണ്. പ്രമേഹം ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന ഒരു രോഗമല്ല. മരുന്നുകള്‍ ഉപയോഗിച്ച് അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രമേ സാധിക്കൂ. മരുന്നുകള്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ രക്തഗ്ലൂക്കോസ് വീണ്ടും ക്രമാതീതമായി ഉയരും. ഇതുകൊണ്ടാണ് പലരും മരുന്നുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ നിര്‍ത്താന്‍ സാധിക്കില്ല എന്ന തെറ്റിദ്ധാരണക്ക് അടിപ്പെടുന്നത്.
പലപ്പോഴും കര്‍ശനമായ ജീവിതശൈലീ മാറ്റവും ഭാരനിയന്ത്രണവും ഭക്ഷണനിയന്ത്രണവും മറ്റും വഴി പലര്‍ക്കും മരുന്നുകളുടെ ഡോസ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മരുന്ന് നിര്‍ത്താനും പറ്റാറുണ്ട്. എന്നാല്‍, പ്രായമാകുന്തോറും ശരീരത്തിലെ ഇന്‍സുലിന്‍ നിര്‍മാണം കുറഞ്ഞുവരുന്നതിനാല്‍ മരുന്നുകളുടെ ഡോസ് ഉയര്‍ത്തിക്കൊണ്ടു വരാറുണ്ട്. ചിലപ്പോഴൊക്കെ ഗുളികയില്‍നിന്ന് ഇന്‍സുലിന്‍ കുത്തിവെപ്പിലേക്ക് മാറേണ്ടിവരുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതുണ്ട്.
രക്തഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ പര്യാപ്തമായ അളവില്‍ മരുന്നു കഴിച്ചില്ലെങ്കില്‍ അത് സങ്കീര്‍ണതകളിലേക്കു നയിക്കാം. മിക്ക പ്രമേഹ മരുന്നുകളും ശരീരത്തില്‍ ഒരു ദിവസത്തില്താഴെ മാത്രമേ പ്രവര്‍ത്തിക്കൂ. ഒരുനേരം മരുന്ന് കഴിക്കാന്‍ മറന്നുപോയാല്‍ ഓര്‍മവരുന്ന സമയത്ത് മരുന്നു കഴിക്കേണ്ടതാണ്. രണ്ടുനേരം കഴിക്കേണ്ട മരുന്നുകള്‍ ഒരുമിച്ച് ഒരു നേരം കഴിക്കാനും പാടില്ല.