ആറാം ദിവസവും തകർന്ന് ഓഹരി വിപണി; നിക്ഷേപകർക്ക് ഒറ്റദിവസം നഷ്ടമായത് 2.95 ലക്ഷം കോടി

ആറാം ദിവസവും തകർന്ന് ഓഹരി വിപണി; നിക്ഷേപകർക്ക് ഒറ്റദിവസം നഷ്ടമായത് 2.95 ലക്ഷം കോടി

October 26, 2023 0 By BizNews

മുംബൈ: ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള തലത്തിലുണ്ടാക്കിയ പരിഭ്രാന്തിയുടെ പിടിയിൽനിന്ന് മോചനം നേടാനാകാതെ ഇന്ത്യൻ ഓഹരി വിപണിയും. തുടർച്ചയായ ആറാം ദിവസവും വൻ തകർച്ചയെ നേരിട്ട വിപണി നിർണായക പിന്തുണാ ലെവലുകൾ ഭേദിച്ച് താഴേക്കു പതിച്ചു. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. നിക്ഷേപകർക്ക് ഒറ്റദിവസം കൊണ്ട് 2.95 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 17.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.

30 മുൻനിര ഓഹരികളടങ്ങിയ ബി.എസ്.ഇ സെൻസെക്സ് 900.91 പോയന്റ് (1.41 ശതമാനം) ഇടിഞ്ഞ് 63,148.15ലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 956.08 പോയന്റ് വരെ ഇടിഞ്ഞിരുന്നു. ബി.എസ്.ഇയിൽ 2232 ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1426 ഓഹരികൾ നേട്ടമുണ്ടാക്കി. 142 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റി 264.90 പോയന്റ് നഷ്ടത്തിൽ 18,857.25ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒക്ടോബർ 17നുശേഷം സെൻസെക്സ് 3279.94 പോയന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിൽ 954.25 പോയന്റും ഇടിവ് രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ പ്രമുഖ കമ്പനികളുടെ പ്രവർത്തനഫലം പ്രതീക്ഷക്കൊത്ത് ഉയരാത്തതും വിപണിയെ പിടിച്ചുലക്കുന്നതിൽ പങ്കുവഹിച്ചു.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇറാനും അറബ് രാജ്യങ്ങളും ഇടപെട്ടാൽ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക കരുതലോടെ നീങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചാൽ ക്രൂഡ് ഓയിൽ വില ഉയരാനും എണ്ണവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പത്തിനും ഇടയാക്കും. പലിശനിരക്ക് നിലവിലെ തോതിൽ നിലനിർത്താനോ കൂടുതൽ ഉയർത്താനോ ഫെഡ് റിസർവ് നിർബന്ധിതമാകുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുക.

അമേരിക്കൻ ബോണ്ടുകളിൽനിന്നുള്ള നേട്ടം 16 വർഷത്തെ ഉയരത്തിൽ എത്തിയത് വിദേശ നിക്ഷേപകരെ മറ്റു വിപണികളിൽനിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. ബോണ്ട് നേട്ടം ഇനിയും ഉയർന്നാൽ ഇന്ത്യൻ വിപണികളിൽനിന്ന് ഉൾപ്പെടെ കൂടുതൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടുമെന്ന് ഉറപ്പാണ്.