2000 രൂപ നോട്ട് മാറാൻ റിസർവ് ബാങ്ക് ശാഖകളിൽ തിരക്ക്
October 13, 2023ന്യൂഡൽഹി: ബാങ്കുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തിയതോടെ റിസർവ് ബാങ്ക് ശാഖകൾക്ക് മുന്നിൽ ആളുകളുടെ തിരക്ക്. 19 റിസർവ് ബാങ്ക് ഓഫീസുകളിലാണ് നോട്ട് മാറാൻ സൗകര്യമുള്ളത്.
മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇത് പിന്നീട് ഒക്ടോബർ ഏഴ് വരെ നീട്ടി. ഒക്ടോബർ എട്ട് മുതൽ റിസർവ് ബാങ്ക് ഓഫീസുകളിൽനിന്ന് മാത്രമാണ് നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുന്നത്. 3.43 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് പുറത്തുള്ളത്.
20,000 രൂപ വരെയുള്ള നോട്ടുകളാണ് റിസർവ് ബാങ്ക് ഓഫീസിൽനിന്ന് ഒരു തവണ മാറ്റിയെടുക്കാൻ സാധിക്കുക. അതേസമയം, ബാങ്ക് അക്കൗണ്ടുകളിൽ എത്ര തുകയും നിക്ഷേപിക്കാം.