പി.എം വിശ്വകർമ്മ പദ്ധതി: പ്രതീക്ഷയിൽ ആറൻമുള കണ്ണാടി നിർമാതാക്കൾ
September 26, 2023പത്തനംതിട്ട: കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പി.എം. വിശ്വകർമ പദ്ധതി ആറൻമുള കണ്ണാടി നിർമാതാക്കൾക്ക് പ്രതീക്ഷയേകുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൽ നിർമാണ സാമഗ്രികളടക്കം നശിച്ചുപോയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാറിൽനിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ല. വെള്ളപ്പൊക്കത്തിൽ കണ്ണാടി നിർമാണശാലകളും വീടുകളും മുങ്ങുകയും കണ്ണാടികളും നിർമാണ സാമഗ്രികളും ഒഴുകിപ്പോവുകയും ചെയ്തു. ഇതിന് ശേഷം തൊഴിലാളികൾ സ്വന്തം നിലക്ക് ബാങ്ക് ലോണുകൾ സംഘടിപ്പിച്ചാണ് കണ്ണാടി നിർമാണവുമായി മുന്നോട്ടുപോകുന്നത്.
വിശ്വകർമ പദ്ധതിയിൽ കരകൗശല തൊഴിൽ മേഖലയിലുള്ളവർക്ക് മൂന്ന് ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശക്ക് ലഭിക്കുമെന്നാണ് പ്രഖ്യാപനം. കൂടാതെ പരിശീലനവും ടൂൾ കിറ്റുകളും ലഭിക്കും. ഉൽപന്നങ്ങളുടെ വിപണന പ്രോത്സാഹനം കൂടി പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ കാര്യക്ഷമതയോടെ നടപ്പാക്കിയാൽ വരുമാന വർധനവുണ്ടാവുകയും ഈ രംഗത്തു തന്നെ നിലനിൽക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ആറൻമുള കണ്ണാടിയുടെ നിർമാണം ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലായിരുന്നു. കോവിഡും കൂടി പിടിമുറുക്കിയതോടെ പരമ്പരാഗതമായി കണ്ണാടി നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരിൽ ചിലർ മറ്റു തൊഴിലുകൾ തേടിപ്പോയി. ബാങ്ക് വായ്പയുടെ സഹായത്തോടെ കണ്ണാടി നിർമാണം പുനരാരംഭിച്ചവരാണ് ഇന്നു നിലനിൽക്കുന്നവരിലേറെയും. വിശ്വബ്രാഹ്മണ ആറൻമുള മെറ്റൽ മിറർ നിർമാൺ സൊസൈറ്റിയിൽ അംഗങ്ങളായ ഇരുപത് കുടുംബങ്ങളും മറ്റുള്ള എട്ടു കുടുംബങ്ങളുമാണ് കണ്ണാടി നിർമാണം ഇപ്പോഴും കുലത്തൊഴിലായി കൊണ്ടുപോകുന്നത്. വിശ്വകർമ്മ പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നാണ് കണ്ണാടി നിർമാതാക്കളുടെ ആവശ്യം.
പദ്ധതിയിൽ അവ്യക്തത
ബാങ്ക് വായ്പ എന്ത് മാനദണ്ഡപ്രകാരമാണ് നൽകുന്നതെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. പി.എം. വിശ്വകർമ പദ്ധതിയിൽ അംഗങ്ങളാകാൻ കോമൺ സർവിസ് സെന്ററുകൾ (സി.എസ്.സി) വഴി രജിസ്റ്റർ ചെയ്യണം. ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലയിലെ സി.എസ് സെന്ററുകാർ പറയുന്നത്. വിശ്വകർമ പദ്ധതിയെപ്പറ്റി കൂടുതൽ അറിയില്ലെന്നാണ് പരമ്പരാഗത തൊഴിലുകാരിൽ പലരും പറയുന്നത്. നിലവിലുള്ള ബാങ്ക് വായ്പയിൽ തിരിച്ചടവ് മുടങ്ങുകയോ വൈകുകയോ ചെയ്തവർക്ക് വിശ്വകർമ പദ്ധതി പ്രകാരം വായ്പ ലഭിക്കുമോ എന്ന് വ്യക്തതയില്ല.
സിബിൽ സ്കോറുമായി ബന്ധപ്പെടുത്തിയാകുമോ പുതിയ വായ്പയെന്നും അറിയേണ്ടതുണ്ട്. കേന്ദ്രസർക്കാറിന്റെ മുദ്ര ലോൺ എടുത്തിട്ടുള്ളവർക്ക് തിരിച്ചടവ് പൂർത്തിയാക്കിയ ശേഷമേ വിശ്വകർമ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനാകൂ. വിശ്വകർമ പദ്ധതിയിൽ അഞ്ച് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പയാണ് ലഭിക്കുന്നത്. കൈത്തൊഴിൽ പരിശീലനം പ്രതിദിനം 500 രൂപ സ്റ്റൈപന്റോടെ നടത്താൻ അവസരം ലഭിക്കും. പരിശീലനശേഷം 15,000 രൂപയുടെ ടൂൾ കിറ്റ് ലഭിക്കും.
മൂശാരി വിഭാഗത്തെയും ഉൾപ്പെടുത്തണം -വിശ്വകർമ ജ്യോതിസ്
പത്തനംതിട്ട: കേന്ദ്രസർക്കാർ ആവിഷ്കരിച്ച പി.എം വിശ്വകർമ കൗശൽ യോജന പദ്ധതിയിൽ മൂശാരി വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് വിശ്വകർമ ജ്യോതിസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അവശ്യപ്പെട്ടു. വിശ്വകർമ വിഭാഗത്തിലെ പരമ്പരാഗത തൊഴിലുകളായ ഇരുമ്പുപണി, മരപ്പണി, സ്വർണപ്പണി, ശിൽപികൾ എന്നീ വിഭാഗങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മറ്റ് ഇതര സാമൂഹിക ചുറ്റുപാടുകളിൽ പണിചെയ്യുന്ന വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിശ്വകർമ വിഭാഗത്തിലെ മൂശാരി വിഭാഗത്തെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം 13,000 കോടിയാണ് പദ്ധതി ഭാഗമായി കേന്ദ്രസർക്കാർ വകയിരുത്തിയത്. കേരളത്തിൽ ഈ പദ്ധതി അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
കേരളത്തിൽ മൂശാരി വിഭാഗം കൂടുതലുള്ള പാലക്കാട് ജില്ലയിൽ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിശ്വകർമ വിഭാഗത്തെ പുറംതള്ളി മറ്റ് ഇതരവിഭാഗങ്ങൾക്ക് മാത്രം ആനുകൂല്യം ലഭ്യമാക്കുക എന്ന ഗൂഢ ഉദ്ദേശമുള്ളതായും സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ഈ പദ്ധതി കേരളത്തിലെ 14 ജില്ലകളിലും അടിയന്തരമായി നടപ്പിലാക്കുകയും പദ്ധതിയുടെ ആനുകൂല്യം അർഹരായ എല്ലാ വിശ്വകർമജർക്കും ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വിശ്വകർമ ജ്യോതിസ് പ്രസിഡന്റ് മധുസൂദനൻ മുണ്ടക്കയം, സെക്രട്ടറി ബിജുകുമാർ ചിറ്റാർ, ട്രഷറർ രവീന്ദ്രൻ കല്ലട, രക്ഷാധികാരി ഷാജി താമരക്കുളം, പവനിമയൻ കൊല്ലം എന്നിവർ പങ്കെടുത്തു.