ആദ്യ 100 കമ്പനികളില്‍ ഇടംപിടിച്ച് ടാറ്റ
September 22, 2018കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ആഗോളതലത്തില്‍ കൂടുതല്‍ തുക ചെലവഴിച്ച കമ്പനികളില്‍ ആദ്യ 100 നൂറില്‍ ഇടംപിടിച്ച് ടാറ്റ മോട്ടോഴ്സ്. പട്ടികയില്‍ 99-ാം സ്ഥാനത്താണ് ടാറ്റ. നൂറിനുള്ളിലുളള ഏക ഇന്ത്യന്‍ കമ്പനിയും ടാറ്റ തന്നെ. അതേസമയം ടാറ്റ ഉടമസ്ഥതിയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിനെയും കൂടി പരിഗണിച്ചാല്‍ ടാറ്റയുടെ സ്ഥാനം ഏറെ മുന്നിലായി 13-ാം സ്ഥാനത്തെത്തും.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2397.5 കോടി രൂപയാണ് ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ടാറ്റ മുടക്കിയത്. ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കൂടി ചേരുമ്പോള്‍ ഇത് 19444 കോടി ആയി ഉയരും. അമേരിക്കന്‍, ജാപ്പനീസ്, ചൈനീസ് കമ്പനികളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്.
104-ാം സ്ഥാനത്തുള്ള സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (114), ലുപിന്‍ (120), ഡോ. റെഡ്ഡിസ് ലാബ് (121), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (122) എന്നിവരാണ് ടാറ്റയ്ക്ക് പിന്നിലുള്ള മറ്റു ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തെ വാഹന വില്പനയില് ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി 227-ാം സ്ഥാനത്താണ്. 831.6 കോടി രൂപയാണ് റിസര്‍ച്ച്-ഡെവലപ്പ്മെന്റ് ആവശ്യങ്ങള്‍ക്കായി മാരുതി ചെലവഴിച്ചത്.