പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തുന്നത് മാത്രം പരിഹാരമാവില്ല -ധനമന്ത്രി
August 25, 2023ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതേസമയം, പലിശ നിരക്ക് ഉയർത്തുന്നത് മാത്രമല്ല പണപ്പെരുപ്പം തടയാനുള്ള പോംവഴിയെന്നും ധനമന്ത്രി വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്കിനെ മാത്രം ആശ്രയിക്കുന്നത് പൂർണമായ പരിഹാരം നൽകില്ല. ഇതിനൊപ്പം വിതരണരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാതെ പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇത് മനസിൽവെച്ചാവണം കേന്ദ്രബാങ്കുകൾ പ്രവർത്തിക്കേണ്ടത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ചക്ക് കൂടി പ്രാധാന്യം നൽകണമെന്നും നിർമ്മല പറഞ്ഞു.
ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം സർവ റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നതിനിടെയാണ് നിർമ്മല സീതരാമന്റെ പ്രസ്താവന. റീടെയിൽ പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഉയർന്ന നിരക്കായ 7.4 ശതമാനത്തിലേക്ക് ജൂലൈയിൽ ഉയർന്നിരുന്നു. പച്ചക്കറികളുടേയും ധാന്യങ്ങളുടേയും വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരുന്നതിനിടയാക്കിയത്.
പണപ്പെരുപ്പം ഉയർന്നതോടെ തക്കാളി, ഉള്ളി പോലുള്ളവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരുന്നു. പണപ്പെരുപ്പം ഉയർന്നുവെങ്കിലും വായ്പ പലിശനിരക്കുകൾ ആർ.ബി.ഐ വർധിപ്പിച്ചിരുന്നില്ല.