ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ

August 20, 2023 0 By BizNews

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ നടക്കുന്ന ഘോഷയാത്ര നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. തൃപ്പൂണിത്തുറ സ്‌കൂൾ മൈതാനത്താണ് പതാക ഉയർത്തുക. ഒൻപതാം നാളായ ഉത്രാട ദിനത്തിൽ തൃക്കാക്കര നഗരസഭയ്‌ക്ക് കൈമാറും.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ചതാണ് ഈ പതിവ്. എന്നാൽ സ്വാതന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ഈ ആഘോഷങ്ങൾ വീണ്ടും പുനരാരംഭിച്ചു. 1985 മുതൽ ഇത് തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു. തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊണ്ടുവരുന്ന പതാക ഉയർത്തുന്നയോടെയാണ് അത്തച്ചമയത്തിന് തുടക്കം കുറിക്കുക. പതാക തൃക്കാക്കരയ്‌ക്ക് കൈമാറി എത്തുന്നതോടെ ഓണാഘോഷങ്ങൾ വിപുലമാകും.

സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഓണത്തെ കാണുന്നത്. അത്തം മുതൽ വിശേഷമായി പൂക്കളമൊരിക്കിയാണ് പത്ത് ദിനം ഓണത്തെ വരവേൽക്കുക. ഒന്നാം ഓണമായ അത്തത്തിന് ഒരു പൂവ് ഉപയോഗിച്ചും തുടർന്ന് ഓരോ ദിവസവും ഒന്നുവീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ട് ഒരുക്കുന്ന പൂക്കളമാണ് മിക്കയിടങ്ങളിലും. പണ്ടുകാലത്ത് കർക്കടകമാസത്തിലെ തിരുവോണം നാൾ മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം.