കേബിള്‍ ശൃംഖല മുറിഞ്ഞു: ഇന്റര്‍നെറ്റ് തടസപ്പെട്ടേക്കും

കേബിള്‍ ശൃംഖല മുറിഞ്ഞു: ഇന്റര്‍നെറ്റ് തടസപ്പെട്ടേക്കും

September 19, 2018 0 By

കൊച്ചി: ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന, ഭൂമിക്കടിയിലൂടെ പോകുന്ന ഏറ്റവും വലിയ കേബിള്‍ ശൃംഖല കൊച്ചിയില്‍ മുറിഞ്ഞു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടും. കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ മുറിഞ്ഞ് ആശങ്ക പരത്തിയത്. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാര്‍ത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യമധ്യ പൂര്‍വേഷ്യപടിഞ്ഞാറന്‍ യൂറോപ്പ് 3) ആണു മുറിഞ്ഞത്. പെട്ടെന്നു തന്നെ ബദല്‍ ലൈനിലൂടെ സിഗ്‌നലുകള്‍ മാറ്റിവിട്ടതിനാല്‍ ഉപയോക്താക്കളെ കാര്യമായി ബാധിച്ചില്ല. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖലയാണിത്

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളില്‍ മൂന്നെണ്ണത്തില്‍ ഒരെണ്ണമാണു തകര്‍ന്നത്. ഇതോടെ ബിഎസ്എന്‍എല്ലിന്റേത് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് വിനിമയ ശേഷിയില്‍ കുറവുണ്ടായിട്ടുണ്ട് എന്നാണു കണക്കാക്കുന്നത്. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡാണ് (വിഎസ്എന്‍എല്‍) സീമീവീ3 സിഗ്‌നല്‍ ഇന്ത്യയില്‍ സ്വീകരിക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണു സീമീവിയുടെ ഇന്ത്യയിലെ ഹബ്.

കേബിള്‍ പൊട്ടുന്നതു കനത്ത നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ബിഎസ്എന്‍എല്‍ സാങ്കേതിക വിദഗ്ദര്‍ ഉടനെ സ്ഥത്തെത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലാണ്. റോഡരികില്‍ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേബിള്‍ നേരത്തെ കണ്ണാടിക്കാട്, കുമ്പളം എന്നിവിടങ്ങളില്‍ ഹൈവേ നിര്‍മാണത്തിനിടെ മുറിഞ്ഞിരുന്നു.

ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കായി ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയുമാണ് കേബിള്‍ സ്ഥാപിച്ചിരിക്കുന്നത്. എല്ലായിടത്തെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണു ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്‌നലുകളാണു വിവിധ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളില്‍ നിന്ന് ഓരോ ഉപയോക്താവിന്റെയും കമ്പ്യൂട്ടറിലേക്കു വിവരങ്ങള്‍ എത്തിക്കുന്നത്.