നഷ്ടം നികത്തിയില്ല; ഇന്ധനവില കുറക്കില്ലെന്ന നിലപാടിൽ കമ്പനികൾ
June 9, 2023ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങിയ സമയത്തെ അസംസ്കൃത എണ്ണ വില നേർപകുതിയിൽ എത്തിയിട്ടും പെട്രോൾ, ഡീസൽ, പാചക വാതക വില കുറക്കില്ലെന്ന നിലപാടുമായി എണ്ണക്കമ്പനികൾ. കഴിഞ്ഞ വർഷം ഏപ്രിലിനു ശേഷം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
വലിയ ലാഭമാണ് ഇപ്പോൾ എണ്ണക്കമ്പനികൾ കൊയ്യുന്നതെങ്കിലും, മുൻകാല നഷ്ടത്തിന്റെ പേരിലാണ് വില കുറക്കാൻ തയാറാകാത്തത്. നഷ്ടം നികത്താതെ വില കുറക്കാൻ പറ്റില്ലെന്നാണ് നിലപാട്. അടുത്ത മാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകളില്ലാത്തതിനാൽ രാഷ്ട്രീയ കാരണങ്ങൾ മുൻനിർത്തിയുള്ള സർക്കാർ ഇടപെടലിന്റെ സാധ്യതയും കുറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നഷ്ടം അതിഭീമമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവ കണക്കു നിരത്തുന്നത്. എന്നാൽ, ഇതുവരെ എത്രത്തോളം നഷ്ടം നികത്തിയെന്ന കണക്ക് കമ്പനികൾ പങ്കുവെക്കുന്നില്ല. അടുത്തയിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വിമാന ഇന്ധനത്തിനും വില കുറച്ചിരുന്നു. എന്നാൽ, വിമാന യാത്രനിരക്കുകൾ മേൽപോട്ടുതന്നെ.