ഹിന്ദുജ ഗ്രൂപ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു
May 17, 2023ന്യൂഡൽഹി: ഹിന്ദുജ ഗ്രൂപ് ചെയർമാനും ഹിന്ദുജ സഹോദരന്മാരിൽ മുതിർന്നയാളുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി അസുഖബാധിതനായിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി. ഹിന്ദുജ. ഗോപിചന്ദ് പി. ഹിന്ദുജ, പ്രകാശ് പി. ഹിന്ദുജ, അശോക് പി. ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. പരേതയായ മധു ആണ് ഭാര്യ. ഷാനു, വിനു എന്നിവരാണ് മക്കൾ.
1935 നവംബർ 28ന് കറാച്ചിയിലായിരുന്നു ശ്രീചന്ദ് എന്ന എസ്.പി. ഹിന്ദുജയുടെ ജനനം. നിലവിൽ ബ്രിട്ടീഷ് പൗരനായ എസ്.പി ഹിന്ദുജ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. ബോഫോഴ്സ് തോക്കിടപാടിൽ 64 കോടി രൂപ അനധികൃതമായി കമീഷൻ വാങ്ങിയെന്നതിന് എസ്.പി ഹിന്ദുജക്കും രണ്ട് സഹോദരന്മാർക്കുമെതിരെ കേസെടുത്തിരുന്നു. പിന്നീട് തെളിവില്ലാത്തതിനാൽ ഡൽഹി ഹൈകോടതി ഇവരെ കുറ്റവിമുക്തരാക്കി.
1964ൽ രാജ് കപൂർ ചിത്രമായ ‘സംഗം’ അറേബ്യൻ നാടുകളിൽ പ്രദർശിപ്പിക്കാനുള്ള അവകാശം വാങ്ങിയ എസ്.പി. ഹിന്ദുജ ദശലക്ഷം ഡോളർ ഇതുവഴി സമ്പാദിച്ചിരുന്നു. അശോക് ലെയ്ലാൻഡിന്റെ ഓഹരി പിന്നീട് സ്വന്തമാക്കി. ഗൾഫ് ഓയിൽ കമ്പനിയും ഏറ്റെടുത്തു. 1993ൽ ഇൻഡസ് ഇൻഡ് ബാങ്കും വാങ്ങി. എസ്.പി ഹിന്ദുജ ബാങ്ക്വീ പ്രിവീ എന്ന ബാങ്ക് സ്വിറ്റ്സർലൻഡിലും തുടങ്ങി.