സ്വർണം പവന് 560 രൂപ കുറഞ്ഞു
May 6, 2023കൊച്ചി: മൂന്നുദിവസത്തെ തുടർച്ചയായ വില വർധനക്ക് ശേഷം സ്വർണത്തിന് ഇന്ന് പവന് 560 രൂപ കുറഞ്ഞു. 45,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1200 രൂപ കൂടിയിരുന്നു. മേയ് രണ്ടിന് 44,560 രൂപയായിരുന്നു. മൂന്നിന് 45,200 രൂപയായും മേയ് നാലിന് 45,600 രൂപയായും ഉയർന്നു. ഇന്നലെ 45,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്നവിലയാണ് ഇത്.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയെ തുടർന്ന് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ച് അഞ്ചിൽ നിന്നും അഞ്ചേകാൽ ശതമാനമാക്കി ഉയർത്തിയതുമാണ് സ്വർണ വില പുതിയ റിക്കാർഡിലേക്ക് ഉയരാൻ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകർച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.