ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ചു

ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ചു

September 18, 2018 0 By

ടോക്കിയോ: ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ച് സ്‌പെയ്‌സ് എക്‌സ് കമ്പനി. ജപ്പാന്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബിസിനസിലെ പ്രമുഖനായ യുസാകു മേസാവയാണ് 2023 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യത്തെ വിനോദ സഞ്ചാരി. സോസോ കമ്പനി ഉടമയാണ് ഇദ്ദേഹം.

2023ല്‍ ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് ബഹിരാകാശ വാഹനത്തിലാണ് അദ്ദേഹം പുറപ്പെടുക. 1972ലെ അപ്പോളോ പദ്ധതിയ്ക്ക് ശേഷം ആദ്യമായാണ് ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി വരുന്നത്.

ലോകത്തിലെ മുന്‍നിര ധനവാന്മാരില്‍ ഒരാളാണ് മേസാവാ. ജീന്‍ മൈക്കല്‍ ബാസ്‌ക്കന്റ് പെയിന്റിംഗ് 800 കോടി രൂപയ്ക്ക് വാങ്ങിയതോടെയാണ് അദ്ദേഹം ജപ്പാനു പുറത്ത് പരിചിതനാകുന്നത്. ആളുകളെയും മറ്റ് സാധനസാമഗ്രഹികളെയും ചന്ദ്രനില്‍ എത്തിക്കുന്നതിന് സഹായകരമാകുന്നതാണ് ബിഎഫ്ആര്‍ ( ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്).

പൊതുശ്രദ്ധ പിടിച്ചു പറ്റുന്നതിന്റെ ഭാഗമായി ഈ റോക്കറ്റിന്റെ മാതൃക പുറത്ത് വിടുമെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനി ഉടമ എലണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലെ മറ്റ് റോക്കറ്റിനെക്കാളും ശക്തമായതും വലിപ്പമേറിയതുമായ റോക്കറ്റായിരിക്കും ഇതെന്ന് മസ്‌ക് സൂചിപ്പിച്ചു.

2017ന്റെ തുടക്കത്തിലാണ് മസ്‌ക് രണ്ട് സ്‌പെയ്‌സ് ടൂറിസ്റ്റുകളെ ഈ വര്‍ഷം അവസാനം ചന്ദ്രനെ ചുറ്റിയുള്ള യാത്രക്കായി ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ഒരു ബില്യണ്‍ ഡോളറാണ് ഇതിന് വേണ്ടി സ്‌പെയ്‌സ് എക്‌സ് നിക്ഷേപിച്ചത്. ഈ വര്‍ഷം ആദ്യമാണ് കമ്പനിയുടെ ഫാല്‍ക്കന്‍ ഹെവി വിക്ഷേപിച്ചത്.

വാണിജ്യ സാറ്റലൈറ്റുകളോ മിലിറ്ററി സാറ്റലൈറ്റുകളോ വിക്ഷേപിക്കാനാണ് ഫാല്‍ക്കന്‍ ഹെവി ഉപയോഗിക്കുന്നത്. എന്നാല്‍, ബിഎഫ്ആറിന്റെ നിര്‍മ്മാണത്തിലാണ് മസ്‌ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ടെസ്ലയുടെ ഉടമ കൂടിയാണ് മസ്‌ക്.

ബിഎഫ്ആര്‍ നിര്‍മ്മാണത്തെ പറ്റിയാണ് ഓരോ നിമിഷവും തന്റെ ശ്രദ്ധയെന്ന് സ്‌പെയ്‌സ് എക്‌സിന്റെ ഉദ്യോഗസ്ഥനും മാനേജറുമായി തോമസ് മുള്ളര്‍ ലോസ്ഏഞ്ചല്‍സില്‍ നടന്ന ഒരു സ്‌പെയ്‌സ് കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. കമ്പനിയുടെ എല്ലാ റോക്കറ്റുകളും രൂപകല്‍പ്പന ചെയ്തത് തോമസ് മുള്ളറായിരുന്നു.