വിപണികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എംഎസ്എംഇകളുടെ വായ്പാ ആവശ്യം വര്‍ധിച്ചു

വിപണികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എംഎസ്എംഇകളുടെ വായ്പാ ആവശ്യം വര്‍ധിച്ചു

July 29, 2021 0 By BizNews

 കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി 9.5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തതായി സിഡ്ബി-ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ എംഎസ്എംഇ പള്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  2020 സാമ്പത്തിക വര്‍ഷത്തെ 6.8 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് വന്‍ വര്‍ധനവാണിതു കാണിക്കുന്നത്.

കോവിഡിന്റെ ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ വായ്പാ ആവശ്യത്തിന് വന്‍ തോതിലുള്ള വര്‍ധനവുണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ആദ്യ തരംഗക്കാലത്ത് വാണിജ്യ വായ്പാ അന്വേഷണങ്ങള്‍7 6 ശതമാനം ഇടിഞ്ഞു എങ്കിലും പിന്നീട് ഇത് അതിവേഗം തിരിച്ചു കയറുകയും ചെയ്തു.

 ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ സംബന്ധിച്ച വിശ്വാസമാണ് ലോക്ഡൗണുകള്‍ക്കു ശേഷം പ്രവര്‍ത്തനം ആരംഭിച്ച സന്ദര്‍ഭങ്ങളില്‍ വായ്പാ ആവശ്യങ്ങള്‍ ഉയരാന്‍ ഇടയാക്കിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. അടുത്ത കാലത്ത് ആരോഗ്യ സേവനം, യാത്ര, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട അധിക ആശ്വാസ നീക്കങ്ങള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ വായ്പകള്‍ വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രഹ്മണ്യന്‍ രാമന്‍ ചൂണ്ടിക്കാട്ടി.