
മെലിഞ്ഞ്, കഴുത്തിലെ എല്ലുകളുന്തി ചിത്രങ്ങൾ; ഒടുവിൽ നടൻ ശ്രീയെ കണ്ടെത്തി ആശുപത്രിയിലാക്കി
April 19, 2025വഴക്ക് എന്‍ 18/9, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാനഗരം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ ശ്രീ എന്ന ശ്രീറാം നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ഇന്‍സ്റ്റയില്‍ പങ്കുവച്ച ഒരു ചിത്രത്തില്‍, കിടക്കയില്‍ വളരെ ക്ഷീണിച്ച് കിടക്കുന്ന ശ്രീരാമിനെ കാണാമായിരുന്നു. അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വിഷാദം ബാധിച്ചതോ ലഹരി ഉപയോഗമോ ഒക്കെ ആരാധകര്‍ ആശങ്ക പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ പരാമര്‍ശിച്ചിരുന്നു. കണ്ടാൽ തിരിച്ചറിയാനാവാത്ത വിധമായിരുന്നു ശ്രീയുടെ രൂപം. താരം എവിടെയാണെന്നും ആർക്കും അറിയില്ലായിരുന്നു. തുടർന്നാണിപ്പോൾ അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തി വൈദ്യസഹായം ലഭ്യമാക്കിയിരിക്കുന്നത്.
സംവിധായകൻ ലോകേഷ് കനകരാജാണ് ഇപ്പോൾ ഒരു കുറിപ്പിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. “നടൻ ശ്രീറാം വിദഗ്ധ വൈദ്യ പരിചരണത്തിലാണെന്നും ഡോക്ടറുടെ ഉപദേശപ്രകാരം നിലവിൽ സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാധ്യമ പ്രവർത്തകരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” പ്രസ്താവനയിൽ പറയുന്നു.
“അദ്ദേഹം രോഗമുക്തിയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു. ശ്രീ നേരത്തേ പോസ്റ്റ് ചെയ്ത വീഡിയോകളെല്ലാം ഇൻസ്റ്റാഗ്രാമിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ശരീരം മെലിഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതോടെയാണ് ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ച് കമന്‍റുകളിട്ടത്. മാനസികസമ്മര്‍ദം, ലഹരി ഉപയോഗം തുടങ്ങി ഒരു സ്ഥിരീകരണവുമില്ലാത്ത കാരണങ്ങള്‍ നിരത്തി ഒട്ടേറെപ്പേര്‍ ശ്രീറാമിന്‍റെ പോസ്റ്റില്‍ കമന്‍റ് ചെയ്തിരുന്നു.
ഇതിനിടെ മറ്റുചിലർ സംവിധായകൻ ലോകേഷ് കനകരാജിനെ ടാഗ് ചെയ്ത് ശ്രീയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകേഷിന്റെ ആദ്യ ചിത്രമായ മാനഗരത്തിൽ ശ്രീയാണ് ഒരു പ്രധാനവേഷം ചെയ്തത് എന്നതായിരുന്നു അതിന് കാരണം. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീയെ കണ്ടെത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശ്രീറാം അഭിനയരംഗത്ത് എത്തിയത്. ബാലാജി ശക്തിവേലിന്‍റെ വഴക്ക് എന്‍ 18/9 എന്ന സിനിമയാണ് അദ്ദേഹത്തെ തമിഴ് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. പിന്നീട് മിഷ്കിന്‍റെ ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വില്‍ അമ്പു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ലോകേഷ് കനകരാജിന്‍റെ മാനഗരം ശ്രീരാമിന്‍റെ കരിയറിലെ തന്നെ മികച്ച സിനിമയായാണ് കണക്കാക്കുന്നത്. തമിഴ് സിനിമയിലെ തന്നെ മികച്ച നായകനടനായി മാറുമെന്ന് വരെ പ്രവചിച്ചവരുണ്ട്. എന്നാല്‍ മാനഗരത്തിന്‍റെ വിജയത്തിന് ശേഷം ശ്രീരാമിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.