ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ChatGPT

ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ChatGPT

April 17, 2025 0 By BizNews

മുംബൈ: ഡൗണ്‍ലോഡിങ്ങില്‍ ഇൻസ്റ്റഗ്രാമിനെയും ടിക് ടോകിനെയും പിന്നിലാക്കി ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി. മാർച്ചില്‍ 4.6 കോടി ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമതെത്തി. ആപ്പ് ഫിഗേഴ്സ് എന്ന അനലറ്റിക്സ് കമ്പനിയാണ് ഇതുസംബന്ധിച്ച കണക്കു പുറത്തുവിട്ടത്.

ചിത്രങ്ങള്‍ തയ്യാറാക്കുന്ന പുതിയ ടൂള്‍ ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമാണ് ഡൗണ്‍ലോഡ് ഉയർന്നത്. ജിബിലി മാതൃകയിലുള്ള സ്റ്റുഡിയോ ആർട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതാണ് ഇതിനുകാരണം. ഈ ഫീച്ചർ പരീക്ഷിക്കാൻ ദശലക്ഷക്കണക്കിനുപേരാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.

മാർച്ചിലെ 4.6 കോടി ഡൗണ്‍ലോഡില്‍ 1.3 കോടി ആപ്പിള്‍ ഫോണുകളിലായിരുന്നു. 3.3 കോടി ആൻഡ്രോയിഡ് ഫോണുകളിലും. ഇൻസ്റ്റഗ്രാമിനും ഇതിനടുത്തുതന്നെ ഡൗണ്‍ലോഡ് ഉണ്ടായി.

ഐഫോണുകളില്‍ 50 ലക്ഷവും ആൻഡ്രോയിഡ് ഫോണുകളില്‍ 4.1 കോടിയുമായി ഇൻസ്റ്റഗ്രാം ഡൗണ്‍ലോഡ്. ടിക് ടോകിന് 4.5 കോടി ഡൗണ്‍ലോഡ് ലഭിച്ചു. ഐഫോണില്‍ 80 ലക്ഷം. ആൻഡ്രോയിഡില്‍ 3.7 കോടി.

ചാറ്റ് ജിപിടിയുടെ ഡൗണ്‍ലോഡില്‍ വലിയ വർധനയാണ് ഏതാനും മാസമായി രേഖപ്പെടുത്തുന്നത്. മാർച്ചില്‍ ഫെബ്രുവരിയിലെക്കാള്‍ 28 ശതമാനം കൂടി. 2024 ജനുവരി-മാർച്ച്‌ കാലയളവുമായി താരതമ്യംചെയ്താല്‍ 2025-ല്‍ 148 ശതമാനം വരെയാണ് വർധനയെന്നും ആപ്പ് ഫിഗേഴ്സ് പറയുന്നു.

ചിത്രങ്ങള്‍ തയ്യാറാക്കാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ചശേഷം ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം 13 കോടിയിലേക്കുയർന്നതായി ഓപ്പണ്‍ എഐ സിഒഒ ബ്രാഡ് ലൈറ്റ്ക്യാപ് അടുത്തിടെ സൂചിപ്പിച്ചിരുന്നു.