യു.എ.ഇയിൽ ഫെബ്രുവരിയിൽ ഇന്ധന വില വർധിക്കും

യു.എ.ഇയിൽ ഫെബ്രുവരിയിൽ ഇന്ധന വില വർധിക്കും

January 31, 2025 0 By BizNews

ദുബൈ: രാജ്യത്ത്​ ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധനവ്​. കഴിഞ്ഞ രണ്ടു മാസങ്ങളിൽ തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന വിലയാണ്​ പ്രതീക്ഷിക്കപ്പെട്ടത്​ പോലെ നേരിയ വർധനവ്​ രേഖപ്പെടുത്തിയത്​.

സൂപ്പർ പെട്രോളിന്‍റെ പുതുക്കിയ വില ലിറ്ററിന്​ 2.74 ദിർഹമാണ്​. കഴിഞ്ഞ മാസമിത്​ 2.61 ദിർഹമായിരുന്നു. പെട്രോൾ സ്പെഷ്യൽ 2.63 ദിർഹം (ജനുവരിയിൽ 2.50), ഇ പ്ലസിന്​ 2.55 ദിർഹം (ജനുവരിയിൽ 2.43), ഡീസലിന്​ 2.82 ദിർഹം (ജനുവരിയിൽ 2.68) എന്നിങ്ങനെയാണ്​ നിരക്ക്​.

ജനുവരിയിൽ പെട്രോൾ, ഡീസൽ വില ഡിസംബറിലേത്​ തുടരുകയായിരുന്നു. ഇന്ധന വിലനിർണയ കമ്മിറ്റിയാണ്​ എല്ലാ മാസവും നിരക്ക്​​ സംബന്ധിച്ച അറിയിപ്പ്​ പുറത്തുവിടുന്നത്​. ഡിസംബറിൽ നവംബറിനെ അപേക്ഷിച്ച്​ പെട്രോളിന്​ 13 ഫിൽസ്​ കുറഞ്ഞപ്പോൾ ഡീസലിന്​ ഒരു ഫിൽസ്​ കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില അടിസ്ഥാനമാക്കിയാണ്​ യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്​. ഓരോ മാസവും രാജ്യത്ത്​ ചെറിയ മാറ്റം വിലയിലുണ്ടാകാറുണ്ട്​.