മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ്​; മഹാരാഷ്ട്ര, ആന്ധ്ര മുഖ്യമന്ത്രിമാരുമായി എം.എ യൂസഫലി ചർച്ച നടത്തി

മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ്​; മഹാരാഷ്ട്ര, ആന്ധ്ര മുഖ്യമന്ത്രിമാരുമായി എം.എ യൂസഫലി ചർച്ച നടത്തി

January 22, 2025 0 By BizNews

ദുബൈ: ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.

നാഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കാനുള്ള താത്പര്യം ലുലു പ്രകടിപ്പിച്ചതായി ദേവേന്ദ്ര ഫഡ്നാവിസ്​ പിന്നീട്​ എക്സ്​ അക്കൗണ്ടിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്‍റെ ഉന്നത സംഘം അടുത്ത് തന്നെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് രംഗത്തും നിക്ഷേപിക്കാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി കൂട്ടിച്ചേർത്തു.� �

ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിനെ നായിഡു സർക്കാർ അധികാരമേറ്റശേഷം പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപിക്കാൻ അഭ്യർഥിക്കുകയായിരുന്നു. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിങ്​ മാൾ എന്നിവയിൽ മുതൽമുടക്കാൻ ലുലു താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ�അറിയിച്ചു.