വായ്പ വിതരണത്തിൽ 50,000 കോടി രൂപ പിന്നിട്ട് കേരള ബാങ്ക്
January 16, 2025തിരുവനന്തപുരം: വായ്പ വിതരണത്തിൽ 50,000 കോടി രൂപ കടന്നും വായ്പ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിച്ചും കേരള ബാങ്കിന് മികച്ച നേട്ടം. കേരള ബാങ്ക് രൂപവത്കരണ സമയത്ത് 37,766 കോടി രൂപയായിരുന്നു ആകെ വായ്പ. വ്യക്തികളും പ്രാഥമിക കാർഷിക വായ്പ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50,000 കോടി രൂപയുടെ വായ്പ ഇതിനകം വിതരണം ചെയ്തതെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മറ്റു ബാങ്കുകളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽനിന്ന് സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽതന്നെ വായ്പയായി വിതരണം ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. ആകെ വായ്പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കുമാണ് നൽകിയത്. ചെറുകിട സംരംഭക മേഖലക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നൽകി.
കേരളത്തിൽ പ്രവർത്തിക്കുന്ന 45 ബാങ്കുകളിൽ വായ്പ ബാക്കിനിൽപ് 50,000 കോടിക്ക് മുകളിലെത്തിയ അഞ്ച് ബാങ്കുകളുടെ പട്ടികയിലും കേരള ബാങ്ക് ഇടംനേടി. കേരളം ആസ്ഥാനമായ ബാങ്കുകളിൽ വായ്പ ബാക്കിനിൽപിൽ രണ്ടാംസ്ഥാനം കേരള ബാങ്കിനാണ്. കേരളത്തിലെ ആകെ ബാങ്ക് വായ്പയുടെ 8.42 ശതമാനം കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടി വായ്പ ബാക്കി നിൽപ് പിന്നിട്ട ആദ്യ ബാങ്കും കേരള ബാങ്കാണ്.
നബാർഡിന്റെ ക്ലാസിഫിക്കേഷനിൽ വന്ന കുറവ് കേരള ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. നിക്ഷേപത്തിൽ ഈ സാമ്പത്തിക വർഷം 1600 കോടി രൂപ വർധനയുണ്ട്. വ്യക്തികൾക്കും സംഘങ്ങൾക്കും ഒരേ നിരക്കിൽ നിക്ഷേപ പലിശ ലഭിക്കുന്ന തരത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസൃതമായി നവംബറിൽ പലിശ ഏകീകരണം നടത്തി. നിലവിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് കേരള ബാങ്കാണ്. മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം പലിശ ലഭ്യമാണ്. വാർത്തസമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, സി.ഇ.ഒ ജോർട്ടി എം. ചാക്കോ, വി. രവീന്ദ്രൻ, അഡ്വ. എസ്. ഷാജഹാൻ, ബി.പി. പിള്ള, റോയ് എബ്രഹാം, എ.ആർ. രാജേഷ് എന്നിവരും പങ്കെടുത്തു.