‘ഭാര്യയെ നോക്കിയിരിക്കാൻ ഇഷ്ടമാണ്’; എൽ&ടി മേധാവിക്ക് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര
January 12, 2025ന്യൂഡൽഹി: ജോലി സമയം സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ എൽ&ടി മേധാവി എസ്.എൻ സുബ്രമണ്യന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര. ഫസ്റ്റ് പോസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ആനന്ദ് മഹീന്ദ്രയുടെ പരാമർശം. ഭാര്യയെ താൻ സ്നേഹിക്കുന്നുവെന്നും അവരെ നോക്കിയിരിക്കാൻ ഇഷ്ടമാണെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.
സമയത്തിലും എത്ര നേരം ജോലി ചെയ്യുന്നുവെന്നതുമല്ല താൻ നോക്കുന്നത്. ജോലിയുടെ നിലവാരമാണ് തനിക്ക് പ്രധാനം. എത്ര മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. സുഹൃത്തുക്കളെ ഉണ്ടാക്കാനല്ല താൻ എക്സ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മികച്ചൊരു ബിസിനസ് ടൂളാണ്. എക്സിലൂടെ ലക്ഷക്കണക്കിനാളുകളുടെ പ്രതികരണം തനിക്ക് അറിയാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി എൽ&ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫിസിൽ വന്ന് ജോലി തുടങ്ങൂവെന്നായിരുന്നു സുബ്രമണ്യൻ പറഞ്ഞത്.