ഇപിഎസ് മിനിമം പെൻഷൻ ബജറ്റിൽ 5,000 രൂപയാക്കുമോ?
January 8, 2025 0 By BizNewsന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.
പെൻഷൻകാരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്. 78 ലക്ഷം പെൻഷൻകാരാണുള്ളത്.
എട്ടാം ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.
ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 11 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
പ്രതിവർഷം 10 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കുക, ഫുഡ് ഡെലിവറി പാർട്നർമാർ അടക്കമുള്ള ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
എത്രയും വേഗം പുതിയ ശമ്പളകമ്മിഷൻ രൂപീകരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
പെൻഷൻ തുക നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.