വെള്ളി ആഭരണങ്ങൾക്ക് നിർബന്ധിത ഹാൾമാർക്കിങ്ങിന് നീക്കം
January 7, 2025ന്യൂഡൽഹി: വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങൾക്കും നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത് പരിഗണിക്കാൻ ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന് (ബി.ഐ.എസ്) നിർദേശം നൽകി. ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്നാണ് നടപടി.
78ാമത് ബി.ഐ.എസ് സ്ഥാപക ദിനാചരണ ചടങ്ങിലാണ് മന്ത്രി ഈ ആവശ്യമുന്നയിച്ചത്. രാജ്യത്ത് വെള്ളിയുടെ ഹാൾമാർക്കിങ് ഇപ്പോൾ നിർബന്ധമല്ല.
ഇക്കാര്യത്തിൽ സർക്കാർ നടപടി ആരംഭിച്ചെന്നും എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പിന്നീട് പറഞ്ഞു. മൂന്ന്-ആറ് മാസത്തിനകം വെള്ളി ആഭരണങ്ങൾക്ക് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കാൻ സജ്ജമാണെന്ന് ബി.ഐ.എസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.
ഉപഭോക്താക്കൾ, വ്യാപാരികൾ തുടങ്ങിയവരുമായുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.