നിസാനും ഹോണ്ടയും ലയിക്കുന്നു

നിസാനും ഹോണ്ടയും ലയിക്കുന്നു

December 24, 2024 0 By BizNews

ടോ​ക്യോ: ജ​പ്പാ​നി​ലെ ലോ​ക​പ്ര​ശ​സ്ത വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ണ്ട​യും നി​സാ​നും ല​യി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഒ​പ്പു​വെ​ച്ച​താ​യി ഇ​രു ക​മ്പ​നി​യും അ​റി​യി​ച്ചു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ മേ​ഖ​ല​യി​ൽ ഇ​രു ക​മ്പ​നി​ക​ളും എ​തി​രാ​ളി​ക​ളി​ൽ​നി​ന്ന് ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു​മി​ച്ചു​പോ​കാ​ൻ ധാ​ര​ണ​യാ​യ​ത്.

ഇ​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​കും ഹോ​ണ്ട -നി​സാ​ൻ. നി​സാ​ൻ സ​ഖ്യ​ത്തി​ലെ ചെ​റി​യ അം​ഗ​മാ​യ മി​ത്സു​ബി​ഷി മോ​ട്ടോ​ഴ്‌​സും ല​യ​ന ച​ർ​ച്ച​ക​ളി​ൽ ചേ​രാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​പ​ണി മൂ​ല​ധ​നം 5000 കോ​ടി ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 4.26 ല​ക്ഷം കോ​ടി രൂ​പ) വ​രും. ടൊ​യോ​ട്ട​യും ജ​ർ​മ​നി​യു​ടെ ഫോ​ക്‌​സ്‌​വാ​ഗ​ൺ എ​ജി​യു​മാ​ണ് ഇ​വ​രു​ടെ ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ. ഫ്രാ​ൻ​സി​ലെ റെ​നോ എ​സ്.​എ​യു​മാ​യും നി​സാ​ന് ബ​ന്ധ​മു​ണ്ട്.

2023ൽ 1.15 ​കോ​ടി വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ, ടൊ​യോ​ട്ട ല​യ​ന​ത്തി​നു ശേ​ഷ​വും മു​ൻ​നി​ര ജാ​പ്പ​നീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യി തു​ട​രും. 2023ൽ ​ഹോ​ണ്ട 40 ല​ക്ഷ​വും നി​സാ​ൻ 34 ല​ക്ഷ​വും വാ​ഹ​ന​ങ്ങ​ളാ​ണ് നി​ര​ത്തി​ലി​റ​ക്കി​യ​ത്; മി​ത്സു​ബി​ഷി മോ​ട്ടോ​ഴ്സ് 10 ല​ക്ഷ​വും. ഈ ​മൂ​ന്ന് ക​മ്പ​നി​ക​ൾ ചേ​ർ​ന്നാ​ലും 84 ല​ക്ഷം വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി പ​ങ്കാ​ളി​ത്ത​മേ​യു​ള്ളൂ.

ചൈ​ന​യി​ലെ വി​ൽ​പ​ന​യി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തി​നാ​ൽ ഹോ​ണ്ട​യു​ടെ അ​റ്റാ​ദാ​യം സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു വ​ർ​ഷം മു​മ്പു​ള്ള​തി​നേ​ക്കാ​ൾ 20 ശ​ത​മാ​നം ഇ​ടി​ഞ്ഞി​രു​ന്നു. ല​യ​ന​ത്തോ​ടെ നി​സാ​നി​ൽ​നി​ന്ന് അ​ർ​മാ​ഡ, ഇ​ൻ​ഫി​നി​റ്റി ക്യു.​എ​ക്‌​സ് 80 പോ​ലു​ള്ള ട്ര​ക്ക് അ​ധി​ഷ്ഠി​ത വ​ലി​യ എ​സ്‌.​യു.​വി ബോ​ഡി​ക​ൾ ഹോ​ണ്ട​ക്ക് ല​ഭി​ക്കും. ബാ​റ്റ​റി​ക​ളും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും നി​ർ​മി​ച്ച് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​വും നി​സാ​നു​ണ്ട്.