വായ്പ പലിശനിരക്കുകൾ കുറച്ച് ഫെഡറൽ റിസർവ്
December 19, 2024വാഷിങ്ടൺ: വായ്പപലിശനിരക്കുകൾ കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. തുടർച്ചയായ മൂന്നാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കുന്നത്. 2025ൽ രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 0.25 ശതമാനത്തിന്റെ കുറവാണ് യു.എസ് കേന്ദ്രബാങ്ക് പലിശനിരക്കുകളിൽ വരുത്തിയിരിക്കുന്നത്.
ഫെഡറൽ റിസർവിന്റെ ഓപ്പൺ മാർക്കറ്റ് കമിറ്റി ഒന്നിനെതിരെ 11 വോട്ടുകൾക്കാണ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം പാസാക്കിയത്. 4.25 മുതൽ 4.5 ശതമാനമാക്കിയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ക്ലീവ്‍ലാൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്ക് പലിശനിരക്കുകൾ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ വളർച്ചയുണ്ടാവുമെന്ന് ഫെഡറൽ റിസർവ് വിലയിരുത്തി. അതേസമയം, പണപ്പെരുപ്പം ഉയർന്ന് തന്നെ തുടരാനാണ് സാധ്യതയെന്നും ഫെഡറൽ റിസർവ് വ്യക്തമാക്കി.
തൊഴിൽ വിപണി മെച്ചപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മയുണ്ടെങ്കിൽ അപകടകരമായ രീതിയിലേക്ക് എത്തിയിട്ടില്ല. പണപ്പെരുപ്പം ഉയർന്നുവെങ്കിലും രണ്ട് ശതമാനത്തിൽ താഴെ നിൽക്കുന്നത് ആശ്വാസകരമാണെന്ന് ഫെഡറൽ റിസർവ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി യു.എസിൽ പണപ്പെരുപ്പം ഉയരുകയാണ്. ഇത് അടുത്ത വർഷത്തെ പലിശനിരക്കുകൾ കുറക്കുന്നതിൽ സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോർട്ട്.