ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

December 17, 2024 0 By BizNews
Huge drop in Russian oil imports to India

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ‌ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്.

റഷ്യ ഇന്ത്യക്ക് നൽകുന്ന യൂറാൽ (URAL) ഗ്രേഡ് എണ്ണയ്ക്ക് ഒക്ടോബറിനെ അപേക്ഷിച്ച് ഡിസ്കൗണ്ട് 17% കൂടിയെങ്കിലും മറ്റിനങ്ങളായ ഇഎസ്പിഒയ്ക്ക് 15 ശതമാനവും സൊക്കോലിൽ (Sokol) രണ്ടു ശതമാനവും ഇടിവ് ഡിസ്കൗണ്ടിലുണ്ടായതാണ് കഴിഞ്ഞമാസം ഇറക്കുമതിയെ ബാധിച്ചത്.

യൂറാലിന് ബ്രെന്റ് ക്രൂഡിന്റെ വിപണിവിലയെ അപേക്ഷിച്ച് ബാരലിന് 6.01 ഡോളറും ഇഎസ്പിഒയ്ക്ക് 3.88 ഡോളറും സൊക്കോലിന് 6.65 ഡോളറും ഡിസ്കൗണ്ടാണ് റഷ്യ ഇന്ത്യക്ക് നൽകുന്നത്.

അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി സ്രോതസ്സായി നവംബറിലും റഷ്യ തന്നെ തുടർന്നു. ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 40 ശതമാനവും റഷ്യയിൽ നിന്നാണ്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. യുദ്ധത്തെ തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് വൻതോതിൽ ഡിസ്കൗണ്ട് വാഗ്ദാനവുമായി റഷ്യ ഇന്ത്യയെയും ചൈനയെയും സമീപിച്ചത്.

യുഎസിൽ നിന്ന് സമ്മർദമുണ്ടായെങ്കിലും ഗൗനിക്കാതെ ഇന്ത്യ റഷ്യൻ എണ്ണ ഡിസ്കൗണ്ട് മുതലെടുത്ത് വാങ്ങിക്കൂട്ടുകയായിരുന്നു. നിലവിൽ റഷ്യൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവുമാണ് ഇന്ത്യ.

47% വിഹിതവുമായി ചൈനയാണ് ഒന്നാമത്. ഇന്ത്യയുടേത് 37%. തുർക്കി 6 ശതമാനവുമായി മൂന്നാമതാണെന്ന് യൂറോപ്യൻ ഗവേഷണസ്ഥാപനമായ സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് റഷ്യ കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ എത്തിക്കുന്നത് ഇറാക്ക് ആണ്. സൗദി അറേബ്യയാണ് മൂന്നാമത്. ഉപഭോഗത്തിനുള്ള മൊത്തം ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയിൽ യുഎസ്, ചൈന എന്നിവ കഴിഞ്ഞാൽ ലോകത്ത് മൂന്നാമതുമാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് എണ്ണക്കച്ചവടം റഷ്യ സജീവമായി നിലനിർത്തുന്നുണ്ടെങ്കിലും, വരുമാനനഷ്ടം സഹിച്ചാണ് വിൽപനയെന്ന് സിആർഇഎ ചൂണ്ടിക്കാട്ടുന്നു.

2022 ജൂൺ മുതൽ ഇതുവരെയുള്ള നഷ്ടം 1,400 കോടി യൂറോയിലധികമാണ് (ഏകദേശം 1.25 ലക്ഷം കോടി രൂപ).