ഇതിലും സോഫ്റ്റായ ഉപ്പുമാവ് കഴിച്ചിട്ടുണ്ടാവില്ല – Upma Recipe
December 12, 2024Upma Recipe: വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. അങ്ങനെയെങ്കിൽ പച്ചക്കറികൾ വഴറ്റുന്നതിനു മുമ്പായി ആവശ്യത്തിന് തേങ്ങ ചിരകിയത് കൂടി ചേർത്ത് വേവിക്കാവുന്നതാണ്. അൽപ്പം കൂടി രുചികരമാക്കാൻ കുറച്ച് നട്സും, ഉണക്കമുന്തിരിയും നെയ്യിൽ വറുത്തത് കൂടി ചേർത്ത് വിളമ്പാം. റവ വറുത്തെടുത്തതിനു ശേഷം ഉപയോഗിക്കുക. ഇതിനു പകരം കടകളിൽ ലഭ്യമായ വറുത്ത റവയും ഉപയോഗപ്പെടുത്താം. പൂപോലെ സോഫ്റ്റായ ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്ന് ഫുഡീഗഡ്ഡീ എന്ന ഇൻസ്റ്റഗ്രാം പേജ് പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
- റവ- 3 കപ്പ്
- നെയ്യ്- 1 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- സവാള- 2
- ഇഞ്ചി- 1 ടീസ്പൂൺ
- പച്ചമുളക്- 3
- ഉഴുന്നു പരിപ്പ്, ചെറുപയർ പരിപ്പ്- 1 ടീസ്പൂൺ
- കടുക്- 1/2 ടീസ്പൂൺ
- കാരറ്റ്- 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- നട്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം.
- അതിലേയ്ക്ക് ഉഴുന്നു പരിപ്പും, ചെറുപയർ പരിപ്പും, കടകും, ചേർത്ത് വറുക്കാം.
- ഇഞ്ചിയും ഇടത്തരം വലിപ്പമുള്ള സവാള രണ്ടെണ്ണം അരിഞ്ഞതും ചേർത്തു വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ കാരറ്റ് ചെറിയ കഷ്ണങ്ങളാക്കിയതും ചേർക്കാം.
- അതിലേയ്ക്ക് മൂന്ന് കപ്പ് വെള്ളം ഒഴിക്കാം.
- ഒരു കപ്പ് റവ ചേർത്തിളക്കാം.
- വെള്ളം തിളച്ച് വറ്റി തുടങ്ങുമ്പോൾ ഉപ്പ് ചേർക്കാം.
- വെള്ളം വറ്റി കഴിഞ്ഞ് രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്തിളക്കാം.
- ഇതിലേയ്ക്ക് നെയ്യിൽ വറുത്തെടുത്ത നട്സും ഉണക്കമുന്തിരിയും ചേർക്കാം. റവ ഉപ്പുമാവ് തയ്യാറായിരിക്കുന്നു.