സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണർ

സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണർ

December 10, 2024 0 By BizNews
Sanjay Malhotra RBI Governor

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 26-ാമത് ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി.

ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. പണപ്പെരുപ്പം നിയന്ത്രിക്കുക, സ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നക എന്നിങ്ങനെ ഇരട്ട വെല്ലുവിളിയാണ് മൽഹോത്രയുടെ മുന്നിലുള്ളത്.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ഐഐടി കാണ്‍പുരില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സഞ്ജയ് മല്‍ഹോത്ര യുഎസിലെ പ്രിൻസ്റ്റൺ സര്‍വകലാശാലയില്‍നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദം നേടി.

33 വര്‍ഷത്തിലേറെ നീളുന്ന കരിയറില്‍ ഊര്‍ജം, സാമ്പത്തികം, നികുതി, വിവരസാങ്കേതികവിദ്യ, ഖനി തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യൽ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു.

2022 ഡിസംബർ മുതൽ റവന്യൂ സെക്രട്ടറി എന്ന നിലയിൽ, നികുതി നയം രൂപീകരിക്കുന്നതിൽ മൽഹോത്ര നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യത്തിന് ഒരു സുപ്രധാന ഘടകമായ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമാണ്.

ആര്‍ബിഐയുടെ 25-ാമത്തെ ഗവര്‍ണറായി 2018 ഡിസംബര്‍ 12നാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്. കേന്ദസര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ശക്തികാന്ത ദാസിന്റെ നിയമനം.