സ്മാർട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം
December 6, 2024 0 By BizNewsതിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007ലെ സ്മാർട്ട് സിറ്റി കരാറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കരാർ പ്രകാരം പദ്ധതി പരാജയപ്പെട്ടാൽ ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം വഴിവിട്ടതെന്ന് തെളിയിക്കുന്ന നിർണ്ണായക രേഖയാണ് ലഭിച്ചത്.
ടീകോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പ്രതികരിച്ചു. ടീകോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ജോസഫ് പറഞ്ഞു.
ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. 246 ഏക്കർ ഭൂമി സ്വന്തക്കാർക്ക് നൽകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം അഴിമതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ടീകോം ആണ് നഷ്ടപരിഹാരം നൽകേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ്. ടീ കോം എംഡി ബാജു ജോർജിനെയും നഷ്ടപരിഹാരം നൽകാനുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കർ ഭൂമി ആർക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആഗോള ഐടി കമ്പനികളും നിക്ഷേപവും നേരിട്ട് എത്താത്തതാണ് സ്മാർട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായത്. പദ്ധതിക്കായി 12 ശതമാനം ഭൂമി സൗജന്യമായി നൽകണമെന്ന ആവശ്യത്തിൽ നടപടികൾ വൈകിയതോടെ ടീം കോമിന്റെ താത്പര്യവും കുറഞ്ഞു.
ദുബൈയുമായുള്ള നയതന്ത്ര ബന്ധത്തിൽ കരുതലെടുത്ത് നീങ്ങിയ സംസ്ഥാന സർക്കാർ, കാലതാമസത്തിൽ ഒരു ഘട്ടത്തിലും ഇടപെടൽ നടത്താത്തതും തിരിച്ചടിയായി. അതേസമയം, സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പദ്ധതി പ്രദേശം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കും. 100 കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുകയാണ്. ടീകോമിനുള്ള നഷ്ടപരിഹാരം കമ്മിറ്റി രൂപീകരിച്ച് തീരുമാനിക്കുമെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി മുംബൈയിൽ പറഞ്ഞു.