എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 3.24% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 3.24% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

November 27, 2024 0 By BizNews
ntpc-green-energy-shares-list-at-three-percent-premium-over-ipo-price

മുംബൈ: എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തു. എന്‍എസ്‌ഇയില്‍ 3.24 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി വ്യാപാരം തുടങ്ങിയത്‌.

108 രൂപ ഇഷ്യു വിലയുള്ള എന്‍ടിപിസി ഗ്രീന്‍ എനര്‍ജി 111.50 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. അതിനു ശേഷം 122.65 രൂപ വരെ ഉയരുകയും അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്‌തു.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ്‌ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി നടത്തിയത്‌. ഗ്രേ മാര്‍ക്കറ്റില്‍ ഒരു ശതമാനം മാത്രം പ്രീമിയമുണ്ടായിരുന്ന എന്‍ടിപിസി ഗ്രീന്‍ എനര്‍ജി നഷ്‌ടത്തോടെ ലിസ്റ്റ്‌ ചെയ്യുമോയെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ടായിരുന്നു.

അമിതമായ ഇഷ്യു വില നിശ്ചയിച്ചതും ഈ ആശങ്കയ്‌ക്ക്‌ കാരണമായി. അതേ സമയം ലിസ്റ്റിംഗ്‌ ദിനത്തില്‍ ഓഹരി 13.56 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദക കമ്പനിയായ എന്‍ടിപിസിയുടെ സബ്‌സിഡിയറി ആണ്‌ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി.

നവംബര്‍ 19 മുതല്‍ 22 വരെ നടന്ന ഈ ഐപിഒ 2.55 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.
10,000 കോടി രൂപയാണ്‌ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഐപിഒ വഴി സമാഹരിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

2022ല്‍ എല്‍ഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒക്കു ശേഷം ഒരു പൊതുമേഖലാ കമ്പനി നടത്തുന്ന ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യു ആണ്‌ ഇത്‌. മഹാരത്‌ന പൊതുമേഖലാ കമ്പനിയായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി സൗരോര്‍ജം, വിന്റ്‌ പവര്‍ തുടങ്ങിയ പുനരുപയോഗക്ഷമമായ വൈദ്യുതിയുടെ ഉല്‍പ്പാദന മേഖലയിലാണ്‌ വ്യാപരിച്ചിരിക്കുന്നത്‌. ആറ്‌ സംസ്ഥാനങ്ങളില്‍ കമ്പനി വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നു.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 7,500 കോടി രൂപ തങ്ങളുടെ സബ്‌സിഡിയറിയായ എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി(എന്‍ആര്‍ഇഎല്‍)യുടെ കടം തിരിച്ചടയ്‌ക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കുമായാണ്‌ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്‌.

2024 ജൂലൈയിലെ കണക്ക്‌ പ്രകാരം എന്‍ആര്‍ഇഎല്ലിന്റെ മൊത്തം വായ്‌പ തുക 16,235 കോടി രൂപ ആണ്‌. ആറ്‌ സംസ്ഥാനങ്ങളില്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ 3071 മെഗാവാട്ട്‌ സൗരോര്‍ജ്ജ പദ്ധതികളും 100 മെഗാവാട്ട്‌ കാറ്റാടി പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം 2037.65 കോടി രൂപയും ലാഭം 344.72 കോടി രൂപയുമാണ്‌. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറു മാസ കാലയളവില്‍ 1132.73 കോടി രൂപ വരുമാനവും 175.3 കോടി രൂപ ലാഭവും കൈവരിച്ചു.