ആ​ഴ്ചയിൽ 84 മണിക്കൂർ ജോലി ചെയ്യണമെന്ന് അഭിപ്രായപ്പെട്ട സി.ഇ.ഒക്ക് വധഭീഷണി

ആ​ഴ്ചയിൽ 84 മണിക്കൂർ ജോലി ചെയ്യണമെന്ന് അഭിപ്രായപ്പെട്ട സി.ഇ.ഒക്ക് വധഭീഷണി

November 18, 2024 0 By BizNews

വാഷിങ്ടൺ: ആഴ്ചയിൽ 84 മണിക്കൂർ ജോലി​ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട എ.ഐ സ്റ്റാർട്ട് അപ് കമ്പനി സി.ഇ.ഒക്ക് വധഭീഷണി. ദക്ഷ് ഗുപ്തയെന്നയാൾക്കാണ് വധഭീഷണി ലഭിച്ചത്. ദക്ഷ് ഗുപ്തയുടെ അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.

എക്സിലൂടെയായിരുന്നു ദക്ഷ്ഗുപ്തയുടെ പ്രതികരണം. തന്റെ കമ്പനിയിൽ ആഴ്ചയിൽ 84 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്ന് ദക്ഷ് പറഞ്ഞിരുന്നു. രാവും പകലും ആഴ്ചവസാന ദിവസങ്ങളിലും ഇത്തരത്തിൽ തന്റെ കമ്പനിയിൽ ജോലി ചെയ്യണം. പുതുതായി ജോലി ചെയ്യാനെത്തുന്നവരോട് താൻ ഇക്കാര്യം പറയാറുണ്ട്. രാവിലെ ഒമ്പത് മണി മുതൽ രാത്രി 11 വരെ ജോലി ചെയ്യണമെന്നാണ് ഇവരോട് പറയാളുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പലപ്പോഴും രാത്രി 11 മണിക്ക് ശേഷവും ജോലി ചെയ്യേണ്ടി വരും. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇത്തരത്തിൽ പണിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇത് തെറ്റാണെന്ന് ആദ്യം തോന്നിയിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തിൽ പ്രശ്നമൊന്നുമില്ലെന്ന് തന്റെ മനസിനെ തന്നെ പറഞ്ഞ് മനസിലാക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീക്ഷ് ഗുപ്തയുടെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് ആളുകളാണ് സി.ഇ.ഒയുടെ ട്വീറ്റിന് പ്രതികരിച്ചത്. ഇതിൽ 20 ശതമാനം ട്വീറ്റുകളും തനിക്ക് നേരെയുള്ള വധഭീഷണികളായിരുന്നുവെന്നും എന്നാൽ, വലിയൊരു ശതമാനം ജോലി അപേക്ഷകളും ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.