യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ

യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ

November 11, 2024 0 By BizNews

ന്യൂഡൽഹി: യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. എന്നാൽ, ഇതുവഴി ഏറ്റവുമധികം സന്തോഷിക്കുന്നതാകട്ടെ യൂറോപ്യൻ യൂണിയന്റെ ഉപരോധം നേരിടുന്ന റഷ്യയും.

2024 ജനുവരി-സെപ്റ്റംബർ കാലയളവിൽ ഡീസൽ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം ഉൽപന്ന കയറ്റുമതി വർധന 58 ശതമാനമാണ്. ഇതിൽ മുന്തിയപങ്കും ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ ക്രൂഡ് ഓയിൽ മൂല്യവർധന വരുത്തി കയറ്റുമതി ചെയ്യുന്നതാണ് എന്നതാണ് കൗതുകം.

റഷ്യ യുക്രെയ്നിനെ ആക്രമിച്ച പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയും വാങ്ങൽ നിർത്തുകയും ചെയ്തിരുന്നു. എണ്ണ കയറ്റുമതി വഴി റഷ്യ നേടുന്ന വരുമാനത്തിന് പൂട്ടിടുകയായിരുന്നു ലക്ഷ്യം.

അതേസമയം, റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങൾക്ക് അവ മൂല്യവർധന വരുത്തി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിലക്ക് ഉണ്ടായിരുന്നുമില്ല. ഇതാണ് ഇന്ത്യ പ്രയോജനപ്പെടുത്തിയത്.

റഷ്യയാകട്ടെ ഇന്ത്യക്ക് ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കിത്തുടങ്ങിയതോടെ, ഇന്ത്യയുടെ ഏറ്റവുംവലിയ എണ്ണ ഇറക്കുമതി സ്രോതസ്സായി മാറി. റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിപണിയാണ് ഇപ്പോൾ ഇന്ത്യ; ചൈനയാണ് ഒന്നാമത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. നിലവിൽ ഇന്ത്യ വാങ്ങുന്ന എണ്ണയിൽ 40 ശതമാനവും റഷ്യയിൽ നിന്നാണ്.

റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് വിലയ്ക്കാണ് ഇന്ത്യക്ക് എണ്ണ കിട്ടുന്നതെങ്കിലും, ഇന്ത്യ യൂറോപ്യൻ യൂണിയനിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഡിസ്കൗണ്ട് ഒന്നും നൽകാതെയുമാണ്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറി, ഒഎൻജിസിയുടെ ഉപസ്ഥാപനമായ മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് (എംആർപിഎൽ) എന്നിവയാണ് യൂറോപ്പിലേക്ക് പ്രധാനമായും പെട്രോളിയം ഉൽപന്ന കയറ്റുമതി നടത്തുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് പ്രതിദിനം 1.54 ലക്ഷം ബാരൽ ഡീസലും ജെറ്റ് ഓയിലുമാണ് (വിമാന ഇന്ധനം) ഇന്ത്യയിൽ നിന്ന് യൂറോപ്പ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോഴത് ഇരട്ടിയിലേറെയായി.