ചരിത്ര വിജയം നേടി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ്

ചരിത്ര വിജയം നേടി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ്

November 6, 2024 0 By BizNews

വാഷിംഗ്‌ടൺ: ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരിച്ചെത്തി. 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം തുടക്കം മുതൽ ട്രംപിന് അനുകൂലമായിരുന്നു.

ഏറ്റവും ഒടുവിൽ ഫലം പൂർണമാകുമ്പോൾ വിജയിയായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. രണ്ടാം തവണയും ആ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ട്രംപ്.

അസോസിയേറ്റഡ് പ്രസ്സിൻ്റെ പ്രൊജക്ഷൻ അനുസരിച്ച്, ട്രംപ് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി, ആവശ്യമായ 270 മാർക്ക് കടന്നു. ഇതോടെ, 224 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ അദ്ദേഹം പരാജയപ്പെടുത്തി.

ഹാരിസും ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നലെ രാവിലെ ഇലക്ടറൽ കോളേജ് വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം മറ്റൊരു ചിത്രം ഉയർന്നു. ഏഴ് സ്വിങ് സ്റ്റേറ്റുകളിൽ ഒന്നായ വിസ്കോൺസിനിലെ വിജയത്തോടെ പ്രസിഡൻ്റ് പദത്തിലെത്താൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ ട്രംപ് ക്ലിയർ ചെയ്തു.

അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.

വിജയം ഉറപ്പിച്ചതോടെ ട്രംപ് അണികളെ അഭിസംബോധന ചെയ്തു. എക്കാലത്തെയും ചരിത്ര വിജയമാണ് തന്റേതെന്നും അമേരിക്കയെ സുവർണ കാലത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വിംഗ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണ് മുന്നിൽ. തിരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.