ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റുകൾ പൂട്ടി; ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം
October 29, 2024 0 By BizNewsബർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്സ്വാഗൺ ജർമനിയിലെ തങ്ങളുടെ മൂന്ന് പ്ലാന്‍റുകൾ പൂട്ടി. ഇതോടെ ആയിരക്കണക്കിനു തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസിൽ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്റെയും ഭാഗമായാണു പ്ലാന്‍റുകൾ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ കൂടുതൽ പ്ലാന്‍റുകൾ പൂട്ടാൻ നീക്കമുണ്ടെന്നാണ് സൂചന. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്വാഗണിന്റെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് കമ്പനിയുടെ വിവിധ രാജ്യങ്ങളിലുള്ള പ്ലാന്റുകളിലായി ജോലി ചെയ്യുന്നത്.
ഫാക്ടറി അടച്ചുപൂട്ടല്‍ കമ്പനിയുടെ ചരിത്രത്തിലെ അത്യപൂർവ സംഭവമാണ്. ജർമനിയിലെ തൊഴിലാളി യൂണിയനുകളില്‍ നിന്ന് വലിയ തിരിച്ചടികളും കമ്പനിക്ക് നേരിടേണ്ടി വരുന്നുണ്ട്. വ്യാപകമായി പണിമുടക്കുകള്‍ക്ക് സാഹചര്യമൊരുങ്ങുന്നുമുണ്ട്. ചെലവ് ചുരുക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ സംബന്ധിച്ച് ആഴ്ചകളോളം യൂണിയനുകളുമായുള്ള ചര്‍ച്ചകൾ നീണ്ടതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.കമ്പനിയുടെ ജര്‍മ്മന്‍ ഫാക്ടറികള്‍ വേണ്ടത്ര ഉല്‍പാദനക്ഷമമല്ലെന്നും പ്ലാന്റിന്റെ ചെലവ് കമ്പനി ബജറ്റ് ചെയ്തതിനേക്കാള്‍ 50% കൂടുതലാണെന്നും ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്നു എന്നുമാണ് അധികൃതരുടെ പക്ഷം.