നിലം തൊടാതെ കുതിച്ച് സ്വർണവില; ഭേദിക്കാൻ റെക്കോഡുകളില്ല
October 25, 2024കൊച്ചി: സ്വർണവില എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വില ദിവസങ്ങളായി ഏറ്റവും ഉയർന്ന നിലയിൽതന്നെ. ഗ്രാമിന് 7340 രൂപയും പവന് 58,720 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.103 ഗ്രാം) സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 2752 ഡോളറും മറികടന്നെങ്കിലും വ്യാഴാഴ്ച നേരിയ തോതിൽ കുറഞ്ഞ് 2713 ഡോളറിലെത്തി.
പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വവും സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുണ്ടായ വർധിച്ച സ്വീകാര്യതയാണ് വില ഉയരാൻ കാരണം. വൻകിട നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതും ചൈനയിൽ സ്വർണത്തിന്റെ ആവശ്യം കുറഞ്ഞതും യു.എസ് ട്രഷറി ബോണ്ട് വരുമാനം ഉയരുന്നതുമാണ് അന്താരാഷ്ട്ര വില താഴാൻ കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്.
2024 ജനുവരിയിൽ സ്വർണവില ഗ്രാമിന് 5855 രൂപയും പവന് 46,840 രൂപയുമായിരുന്നു. ഇതിനകം ഗ്രാമിന് 1485 രൂപയും പവന് 11,880 രൂപയും വർധിച്ചു. വരുംദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന.
സുരക്ഷിത നിക്ഷേപം
കഴിഞ്ഞ 50 വർഷത്തെ വിലനിലവാരം പരിശോധിച്ചാൽ 14600 ശതമാനത്തോളമാണ് സ്വർണവിലയിലുണ്ടായ വർധനവ്. 1975ൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമായിരുന്നു.